ഹിന്ദു ആഘോഷത്തെ അപമാനിച്ചു; ഇറോസ് നൗ പോസ്റ്ററിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍

single-img
22 October 2020

രാജ്യത്തെ നവരാത്രി ദിനാഘോവുമായി ബന്ധപ്പെട്ട് പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍ കമ്പനിയായ ഇറോസ് നൗ പുറത്തിറക്കിയ പോസ്റ്റുകള്‍ വിവാദത്തില്‍. ആഘോഷത്തിലെ ഓരോ ദിവസത്തിലും ഒരു ബോളിവുഡ് ചിത്രത്തിലെ കഥാപാത്രങ്ങളെ വെച്ചു കൊണ്ട് ഇറക്കിയ പോസ്റ്ററുകളാണ് ഇപ്പോള്‍ വിവാദത്തിലായത്.

പ്രശസ്ത ബോളിവുഡ് താരങ്ങളായ കരീന കപൂര്‍, ദീപിക പദുകോണ്‍, ഐശ്യര്യറായ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ ഇറോസ് നൗ തങ്ങളുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ കൂട്ടത്തില്‍ നടി കത്രീന കൈഫിന്റെ പോസ്റ്ററാണ് വിവാദത്തിലായത്. “ഡു യു വാണ്ട് ടു പുട് ദ രാത്രി ഇന്‍ മൈ നവരാത്രി” എന്നായിരുന്നു ഈ പോസ്റ്ററിനൊപ്പം എഴുതിയിരുന്നത്. ഇതേപോലെയുള്ള ചില പോസ്റ്ററുകളും വിവാദത്തിലായി.

നിലവില്‍ ഹിന്ദു ആഘോഷത്തെ അപമാനിച്ചു എന്നാരോപിച്ചാണ് ഇപ്പോള്‍ ഇറോസ് നൗവിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടക്കുന്നത്. ഇതോടൊപ്പം ബാന്‍ ഇറോസ് നൗ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്. വിവാദത്തെ തുടര്‍ന്ന് സംഭവത്തില്‍ ഇ റോസ് നൗ ഔദ്യോഗികമായി മാപ്പു പറയുകയും ചെയ്തു.

നമ്മുടെ എല്ലാ സംസ്‌കാരത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നും ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് കമ്പനി ഇറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചത്.
ഇതോടൊപ്പം വിവാദ പോസ്റ്റുകള്‍ കമ്പനി ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.