സംസ്കാരം നടന്നുവെന്ന് കരുതി കുടുംബം അന്ത്യകര്‍മം ചെയ്തു;പക്ഷെ 19 ദിവസമായി കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ

single-img
22 October 2020

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയുടെ മൃതദേഹം 19 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒക്ടോബർ 2ന് മരിച്ച ദേവരാജന്‍റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലുള്ളത്. ദേവരാജന്‍റെ മൃതദേഹം വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ആരോഗ്യവകുപ്പ് സംസ്കരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു.

സംസ്കാരം നടന്നുവെന്ന് കരുതി കുടുംബം അന്ത്യകര്‍മം ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് മൃതദേഹം ഇതുവരെയും സംസ്കരിച്ചിട്ടില്ലെന്ന വിവരം ബന്ധുക്കൾ അറിയുന്നത്. മറ്റൊരാവശ്യത്തിനായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

നേരത്തെ, വീട്ടിൽ സ്ഥലമില്ലാത്തതിനാൽ കൊല്ലത്തെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ ദേവരാജന്‍റെ ഭാര്യ പുഷ്പ ആരോഗ്യവകുപ്പിന് അനുമതി നൽകി കത്ത് നൽകിയിരുന്നു. സംസ്കാരം നടത്തിയില്ലെന്ന വിവരത്തെ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

എന്നാൽ പത്തനാപുരം പഞ്ചായത്ത് സംസ്കാരത്തിന് അനുമതി നല്‍കിയില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ ആരോപണം. എന്നാല്‍ അറിയിപ്പ് ലഭിച്ചത് ഇന്നലെ മാത്രമെന്ന് പത്തനാപുരം പഞ്ചായത്ത് വ്യക്തമാക്കി.