ഞങ്ങളൊക്കെയുണ്ട്, പ്രാദേശിക വിഷയത്തില്‍ രാഹുല്‍ഗാന്ധി അഭിപ്രായം പറയേണ്ടതില്ല: രമേശ്‌ ചെന്നിത്തല

single-img
22 October 2020

സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങിനെ അഭിപ്രായം പറയാന്‍ അതിന് ഇവിടെ ആളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കേരളം നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചതിനോട് പ്രതികരിക്കുകയായിരുന്നുഅദ്ദേഹം.

രാഹുല്‍ ഗാന്ധിയെ പോലെയുള്ള ഒരു നേതാവ് വരുമ്പോള്‍ പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം.അങ്ങിനെയുള്ള കാര്യങ്ങള്‍ പറയാന്‍ ഞങ്ങളൊക്കെയുണ്ട്. അദ്ദേഹം ആ നിലയില്‍ നിന്ന് കൊണ്ട് പറഞ്ഞാല്‍ മതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചതെന്നും അതില്‍ എല്ലാമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാജ്യമാകെ സംസ്ഥാന-ജില്ലാ തലങ്ങളിലാണ് കൊവിഡ് പ്രതിരോധം നടക്കേണ്ടത്. അങ്ങിനെ നോക്കിയാല്‍ കേരളവും വയനാടും വിജയമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.