നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ അനിശ്ചിതത്വത്തിൽ; കാവ്യയും നാദിര്‍ഷയും കോടതിയില്‍, പ്രോസിക്യൂട്ടർ ഹാജരായില്ല

single-img
21 October 2020

സാക്ഷി വിസ്താരം ഏറെക്കുറെ പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ പ്രോസിക്യൂട്ടര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്തത് വിചാരണ നടപടികള്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇന്ന് കാവ്യാ മാധവൻ അടക്കമുള്ളവർ സാക്ഷി വിസ്താരത്തിനെത്തിയെങ്കിലും പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ നടപടികൾ പൂർത്തിയാക്കാനായില്ല. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷൻ പരാതി നല്‍കി.

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ, കാവ്യയുടെ സഹോദരൻ, സഹോദരന്‍റെ ഭാര്യ, ദിലീപിന്‍റെ സഹോദരൻ അനൂപ്, നാദിർഷ എന്നിവർ വിചാരണ കോടതിയിൽ ഹാജരായിരുന്നു. എന്നാൽ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഇന്നും കോടതിയിലെത്തിയില്ല. കഴിഞ്ഞ ദിവസങ്ങളിലും സാക്ഷികളെത്തിയെങ്കിലും പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനാല്‍ വിസ്താര നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല.

പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് എന്നും നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണമെന്നും നീതിക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും അദ്ദേഹം അപേക്ഷിച്ചു. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. വിചാരണ ഈ കോടതിയില്‍ തുടരുന്നത് വരെ പ്രോസിക്യൂട്ടര്‍ ഹാജരാവാനിടയില്ലെന്നാണ് കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അഭിഭാഷകരില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. കേസ് വേഗത്തിൽ തീർക്കാൻ സുപ്രിം കോടതി നിർദേശമുള്ളതിനാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് വിചാരണ കോടതിയുടെ തീരുമാനം.