അഫ്ഗാനില്‍ താലിബാന്‍ ഭീകരാക്രമണം; 34 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു; പോരാട്ടം തുടരുന്നു

single-img
21 October 2020

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരാക്രമണത്തില്‍ 34 അഫ്ഗാന്‍ സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും താലിബാന്‍ ഭീകരവാദികള്‍ക്കും കനത്ത നഷ്ടം സംഭവിച്ചെന്നും തഖര്‍ പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ജവാദ് ഹെജ്രി അറിയിച്ചു.

പോരാട്ടത്തില്‍ ഡെപ്യൂട്ടി പോലീസ് മേധാവി ഉള്‍പ്പെടെ 34 പേര്‍ സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി തഖര്‍ പ്രവിശ്യ ആരോഗ്യ ഡയറക്ടര്‍ അബ്ദുല്‍ ഖയൂം വ്യക്തമാക്കി. അഫ്ഗാന്റെ വടക്കുകിഴക്കന്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജില്ലയില്‍ മറ്റൊരു ഓപറേഷന് വേണ്ടി പോകുന്നതിനിടെ താലിബാന്‍ ഭീകരവാദികള്‍ ഒളിഞ്ഞിരുന്ന് വാഹന വ്യൂഹത്തിന് നേരെ ആക്രമിക്കുകയായിരുന്നു.

എന്നാല്‍ ഇതേവരെ ആക്രമണത്തെക്കുറിച്ച് താലിബാന്‍ പ്രതികരിച്ചിട്ടില്ല. അഫ്ഗാനിലെ സമാധാന ചര്‍ച്ചകള്‍ ഖത്തറില്‍ പുരോഗമിക്കവെയാണ് സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ താലിബാന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.