സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം കുത്തഴിഞ്ഞു കിടക്കുന്നു: രമേശ് ചെന്നിത്തല

single-img
21 October 2020

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം കുത്തഴിഞ്ഞു കിടക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്റെ തെളിവാണ് തെളിവാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥമൂലമുണ്ടായ ഫോര്‍ട്ട് കൊച്ചി സ്വദേശി സി കെ ഹാരിസിന്റെ മരണം എന്നും അദ്ദേഹം പറഞ്ഞു.
വിവരം പുറത്തറിയാന്‍ ഇടയാക്കിയ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു നിശബ്ദരാക്കാനാണ് ആരോഗ്യ വകുപ്പ് ആദ്യം ശ്രമിച്ചത്.

എന്നാല്‍ ഇതേ ആരോപണങ്ങളുമായി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടറായ നജ്മ സലിം മുന്നോട്ട് വന്നപ്പോള്‍ സര്‍ക്കാരിന്റെ കാപട്യം പൊതുസമൂഹത്തിനു ബോധ്യമായിരിക്കുകയാണ്. രോഗികള്‍ക്ക് ഓക്‌സിജന്‍ കിട്ടാത്ത സാഹചര്യം താന്‍ നേരില്‍ കണ്ടിട്ടുണ്ട് എന്ന ഗുരുതരമായ വെളിപ്പെടുത്തലും ഡോ.നജ്മ നടത്തിയിട്ടുണ്ട് എന്ന് പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ എഴുതി.

കുറിപ്പിന്റെ പൂർണ്ണ രൂപം:

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം കുത്തഴിഞ്ഞു കിടക്കുകയാണ് എന്നതിന്റെ വ്യക്തമായ തെളിവാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥമൂലമുണ്ടായ ഫോര്‍ട്ട് കൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം. ഈ വിവരം പുറത്തറിയാന്‍ ഇടയാക്കിയ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു നിശബ്ദരാക്കാനാണ് ആരോഗ്യ വകുപ്പ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇതേ ആരോപണങ്ങളുമായി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടറായ നജ്മ സലിം മുന്നോട്ട് വന്നപ്പോള്‍ സര്‍ക്കാരിന്റെ കാപട്യം പൊതുസമൂഹത്തിനു ബോധ്യമായിരിക്കുകയാണ്.

രോഗികള്‍ക്ക് ഓക്‌സിജന്‍ കിട്ടാത്ത സാഹചര്യം താന്‍ നേരില്‍ കണ്ടിട്ടുണ്ട് എന്ന ഗുരുതരമായ വെളിപ്പെടുത്തലും ഡോ.നജ്മ നടത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിച്ച് ആരോഗ്യ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോ. നജ്മ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നത് എന്നാണ് ആരോഗ്യമന്ത്രി ഇതേപ്പറ്റി പറഞ്ഞിരിക്കുന്നത്. എന്നാല്‍ മാധ്യമങ്ങളെ കാണുന്നതിന് മുന്‍പ് ഡോ. നജ്മ സുപ്രണ്ടിനും, ആര്‍.എം.ഒയ്ക്കും പരാതി നല്‍കിയിരുന്നു.

ഇതാണ് വസ്തുത എന്നിരിക്കെ ആരോഗ്യമന്ത്രിയുടെ പ്രസ്താവന തീര്‍ത്തും അപകീര്‍ത്തികരവും, അപഹാസ്യവുമാണ്. മഞ്ചേരിയിലെ ഇരട്ടകുട്ടികളുടെ മരണമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടത്തിയത് പോലെ അന്വേഷണം പ്രഹസനം മാത്രമാക്കി കുറ്റക്കാര്‍ക്ക് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യരുത്. ജീവന്റെ വിലയുള്ള ജാഗ്രതയെന്നത് ആരോഗ്യവകുപ്പിന് കൂടി ബാധകമാണ്.

കൂടെയിരിക്കാന്‍ ബന്ധുക്കള്‍ പോലുമില്ലാതെ കോവിഡ് വാര്‍ഡുകളില്‍ കഴിയുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മൗലികമായ ബാധ്യത ഭരണകൂടത്തിനുണ്ട്. സമഗ്രവും, സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം.