മുൻ എസ്.എഫ്.ഐ. പ്രവർത്തകൻ പോലീസ് ജീപ്പ് തകർത്ത കേസ് പിൻവലിക്കാൻ സർക്കാർ ഹർജി

single-img
21 October 2020

ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐ. പ്രവർത്തകനെ പിടികൂടിയതിന്റെ പേരിൽ പോലീസ് ജീപ്പ് അടിച്ചു തകർത്ത മുൻ എസ്.എഫ്.ഐ. പ്രവർത്തകനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി. യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസ്, പി.എസ്.സി. ചോദ്യപ്പേപ്പർ ചോർച്ച കേസ് തുടങ്ങിയ കേസുകളിൽ പ്രതിയായ നസീമിനെതിരായ പോലീസ് ജീപ്പ് തകർത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയത്.

നിയമസഭയിലെ അതിക്രമത്തിന്റെ പേരിൽ എം.എൽ.എ.മാർക്കെതിരേയെടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചപ്പോൾ സർക്കാരിനെ നിശിതമായി വിമർശിച്ച കോടതി കേസ് പിൻവലിക്കാൻ അനുവദിക്കാതെ പ്രതികളോട് 35000 രൂപ വീതം പിഴ കെട്ടിവയ്ക്കാൻ നിർദേശിച്ചിരുന്നു. പൊതുമുതൽ നശീകരണ കേസുകൾ സർക്കാരിനുതന്നെ എതിരായതിനാൽ അവ പിൻവലിക്കാൻ അനുവദിക്കരുതെന്ന് നിരവധി കോടതി ഉത്തരവുകളുണ്ട്. കേസ് നടത്തിയ സർക്കാർ അഭിഭാഷകയുടെ വീഴ്ചയാണ് കേസ് പിൻവലിക്കാൻ കോടതി അനുവദിക്കാത്തതെന്ന പ്രതികളിൽ ഒരാളുടെ പരാതിയിൽ സർക്കാർ അഭിഭാഷകയെ മാറ്റി. പകരം പാർട്ടി നേതാവിന്റെ മകനെ സർക്കാർ കേസ് നടത്താൻ ചുമതലപ്പെടുത്തി.

തുടർന്ന് ഒരു വർഷം മാത്രം വിരമിക്കാൻ ബാക്കിയുള്ള സർക്കാർ അഭിഭാഷകയെ ആലപ്പുഴയിലേക്ക്‌ സ്‌ഥലംമാറ്റുകയും ചെയ്തു. എന്നാൽ, തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇതുവരെ പുതിയ നിയമനം നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മുൻ എസ്.എഫ്.ഐ.ക്കാരനായ നസീം പോലീസ് ജീപ്പ് അടിച്ചു തകർത്ത കേസ് കോടതിയുടെ പരിഗണനയിൽ വരുന്നത്.