കൊവിഡ് വാക്സിന്‍ വിതരണം; രാജ്യത്തെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍

single-img
21 October 2020

രാജ്യത്തെ ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെയുള്ള പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്ക് മുൻ‌തൂക്കം നൽകി കൊവിഡ് പ്രതിരോധ വാക്‌സിനേഷനുള്ള മുന്‍ഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിൽആദ്യഘട്ടം വാക്സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ പട്ടികയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയത്. കൊവിഡ് വാക്‌സിന്റെ ശേഖരണം, സംഭരണം, വിതരണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്കുള്ള പദ്ധതി ഇതിനകം തയ്യാറായിക്കഴിഞ്ഞു.

ഇവയ്ക്കായി രൂപീകരിക്കപ്പെട്ട വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആദ്യഘട്ട വാക്‌സിനേഷനുള്ള രൂപരേഖ നിലവിൽ തയ്യാറാക്കിയത്.അതേസമയം എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍ സജ്ജമാണെന്ന് ഇന്നലെ വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍, കേന്ദ്ര – സംസ്ഥാന പോലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ ഇടംനേടിയത്.

ഇന്ത്യയ്ക്ക് വാക്‌സിന്‍ ലഭ്യമായാല്‍ ജനുവരി മുതല്‍ ജുലായ് വരെയാകും ആദ്യ ഘട്ട വിതരണം നടത്തുക. കൊവിഡ് വാക്സിനുകള്‍ സൂക്ഷിക്കുന്നതിനായി നിലവില്‍ 28000 കോള്‍ഡ് സ്റ്റോറേജുകളുണ്ട്. ഇനിയും കൂടുതല്‍ സംഭരണശാലകള്‍ ഒരുക്കാനുള്ള ശ്രമം നടത്തുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.