കേസില്‍ ആരെ അറസ്റ്റ് ചെയ്യണമെന്ന് ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക പത്ര പ്രവര്‍ത്തനം?; റിപ്പബ്ലിക് ടിവിയോട് ഹൈക്കോടതി

single-img
21 October 2020

ഒരു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്ന് റിപ്പബ്ലിക് ടിവിയോട് ബോംബ ഹൈക്കോടതി. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ഇടപെടലിനെതിരായ ഹര്‍ജി പരിഗണിക്കവേ അന്വേഷണ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി റിപ്പബ്ലിക് ടി.വി അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് നടത്തിയതെന്ന് ചാനലിന്റെ അഭിഭാഷകയായ മാളവിക ത്രിവേദി പറഞ്ഞിരുന്നു.

അതിന് മറുപടിയായാണ് കോടതി ചോദ്യം ഉന്നയിച്ചത്. കൊലപാതകമാണോ ആത്മഹത്യാണോ എന്നറിയുന്നതിന് മുന്‍പ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ ഒരു ചാനല്‍ അത് കൊലപാതകമാണെന്ന് പറയുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദിനകര്‍ ദത്തയും ജസ്റ്റിസ് ജി,എസ് കുല്‍ക്കര്‍ണിയും അടങ്ങിയ ബെഞ്ച് അഭിഭാഷകയോട് ചോദിച്ചു.

അതേപോലെതന്നെ, നിങ്ങള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനും വക്കീലും ജഡ്ജിയുമാകുകയാണെങ്കില്‍ ഞങ്ങളെന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. നേരത്തേ സുശാന്തിന്റെ മരണത്തിന്പിന്നാലെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പശ്ചാത്തലത്തില്‍ ബോളിവുഡ് സംവിധായകരടക്കമുള്ളവര്‍ റിപബ്ലിക്ക് ടിവിക്കെതിരെ രംഗത്തെത്തിയിരുന്നു.