ആഘോഷങ്ങൾ വരാനിരിക്കുന്നതിനാൽ കോവിഡ് ബാധ ഉയരാനുളള സാഹചര്യം കൂടുതൽ; ഫെബ്രുവരിയോടെ ജനസംഖ്യയുടെ 50% വരെ ആകാം; വിദഗ്ധ മുന്നറിയിപ്പ്

single-img
20 October 2020

2021 ഫെബ്രുവരിയാകുന്നതോടു കൂടി ഇന്ത്യന്‍ ജനസംഖ്യയിലെ പകുതി പേര്‍ക്കും കൊവിഡ് 19 ബാധിതരാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം. ഇത് രോഗവ്യാപനം കുറയുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ 75 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ജനസംഖ്യയുടെ 14 ശതമാനം പേർ രോഗബാധിതരായെന്നാണ് കേന്ദ്രസർക്കാരിന്റെ സെറോളജിക്കൽ സർവേയിൽ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇതു കൃത്യമായിരിക്കണമെന്നില്ലെന്നും ഇതുവരെ 30 ശതമാനത്തോളം ഇന്ത്യക്കാർ കോവിഡ് 19 ബാധിതരായെന്നും, ഫെബ്രുവരിയോടെ ഇത് അമ്പതുശതമാനത്തിലെത്തിയേക്കാമെന്നും കാൺപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജിയിലെ പ്രൊഫസറായ മണീന്ദ്ര അഗർവാൾ റോയിട്ടേഴ്സിനോട് പറഞ്ഞു. വൈറോളജിസ്റ്റുകളും ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും അടങ്ങുന്ന കമ്മിറ്റി ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ട് ഗണിതശാസ്ത്ര മാതൃകയെ ആശ്രയിച്ചുളളതാണ്.

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളെ കൂടി ഉള്‍പ്പെടുത്തിയ പുതിയ മാതൃകയിലാണ് കമ്മിറ്റി കണക്കെടുപ്പ് നടത്തിയത്. കൊവിഡ് ബാധിച്ചതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു കാറ്റഗറികളാക്കി ഇവ തിരിച്ചു. സാമൂഹിക അകലം പാലിക്കലും മാസ്ക് ധാരണവും ഉൾപ്പടെയുളള സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഒരു മാസം കൊണ്ട് മാത്രം 2.6 ദശലക്ഷം കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ധിക്കാന്‍ ഇടയുണ്ടെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ദുർഗപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ വരാനിരിക്കുന്നതിനാൽ രോഗബാധ ഉയരാനുളള സാഹചര്യത്തെ കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.