കേരളത്തിലുണ്ടായതിന് തുല്യമായ മഹാപ്രളയത്തിൽ വിയറ്റ്‌നാം

single-img
20 October 2020

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മഹാ പ്രളയത്തെ അഭിമുഖീകരിക്കുകയാണ് വിയറ്റ്‌നാം. വിയറ്റ്‌നാമിലെ പലഭാഗങ്ങളും ഇപ്പോള്‍ തന്നെ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. കൊവിഡിന്‍റെ ദുരിതത്തില്‍ നിന്ന് കരകയറും മുമ്പേയാണ് രാജ്യത്തെ പ്രളയം ദുരിതത്തിലാക്കുന്നത്. ഇതെവരെയായി പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേരാണ് മരിച്ചത്. ഇവരില്‍ ഏറെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനികരാണ്.

അതേസമയം, രാജ്യത്തെ എല്ലായിടത്തും റോഡുകളും വീടുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണെന്ന് റെഡ്‌ക്രോസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അവസാന ഒരാഴ്ചയായി വിയറ്റ്‌നാമില്‍ കനത്ത മഴ പെയ്യുകയാണ്. 2018ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വിയറ്റ്‌നാമില്‍ നിന്ന് പുറത്തുവരുന്നത്. ഇനിയുള്ള ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയിട്ടുണ്ട്.

ഇത്രയധികംരൂക്ഷമായ വെള്ളപ്പൊക്കം വിയറ്റ്‌നാമില്‍ അനേക ദശകങ്ങള്‍ക്ക് ശേഷമാണ് ഉണ്ടാകുന്നതെന്ന് വിയറ്റ്‌നാം റെഡ്‌ക്രോസ് സൊസൈറ്റി പ്രസിഡന്റ് എന്‍ഗുയെന്‍ തി ഷുവാന്‍ പ്രസ്താവനയില്‍ പറഞ്ഞു.കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഷ്ടത്തിലായ ജനങ്ങള്‍ക്കിടയില്‍ പ്രളയം മറ്റൊരു ദുരന്തമാണ് വിതച്ചിരിക്കുന്നത്. ഇതേവരെ 178000 പേര്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. അതോടൊപ്പം ആയിരക്കണക്കിന് ഏക്കര്‍ക്കണക്കിന് കൃഷിയും ഏഴ് ലക്ഷത്തോളം കന്നുകാലി സമ്പത്തും നശിച്ചു.

തങ്ങള്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് റെഡ്‌ക്രോസ് അധികൃതര്‍ പറയുന്നു.
എന്നാല്‍ പോലും ലക്ഷക്കണക്കിന് ആളുകള്‍ക്ക് കിടക്കാന്‍ ഇടവും കുടിവെള്ളവും ഭക്ഷണവും മരുന്നും ആവശ്യമുണ്ടെന്നും റെഡ്‌ക്രോസ് അറിയിക്കുന്നു. ഇതേവരെ 3.25 ലക്ഷം ഡോളറിന്റെ സഹായം രാജ്യത്ത് റെഡ്‌ക്രോസ് ലഭ്യമാക്കി.