അച്ഛന്റെ മരണ വിവരം അറിയിച്ചുള്ള ഫോൺ കോൾ എടുക്കും മുന്നേ മകനും മരണക്കയത്തിലേക്ക്

single-img
20 October 2020

രോഗബാധിതനായി ചികിത്സയിലായിരുന്ന അച്ഛൻ മരിച്ച സമയത്തു പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയ വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മനീഷിന്റെ യാത്രയും മരണത്തിലേക്ക് ആയിരുന്നു. അസുഖ ബാധിതനായ അച്ഛൻ മദനശേഖരൻ (63) മരിച്ച സമയത്തു തന്നെ മകനെ വാമനപുരം നദിയുടെ ഭാഗമായ പൂണറ കടവിൽ കാണാതാവുകയായിരുന്നു. ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി അംഗമായ മനീഷ് (24) നല്ല കർഷകൻ കൂടി ആണ്. ജീവ കാരുണ്യ പ്രവർത്തനങ്ങളിലും പൊതു പ്രവർത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന മനീഷിന്റെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

വാമനപുരം നദിയുടെ ഭാഗമായ പനവേലി–പൂണറ കടവിന് ഇടയിലാണ് മനീഷിനെ കാണാതായത്. പശുവിന് പുല്ല് ശേഖരിച്ച് അത് കഴുകി വൃത്തിയാക്കിയ ശേഷം കുളിച്ചാണ് സാധാരണ മനീഷ് വീട്ടിലേക്ക് മടങ്ങുക. കൂടെ കൂട്ടുകാരും ഉണ്ടാകും.

സംഭവ ദിവസം കുളിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛൻ മരിച്ച വിവരം അറിയിക്കാനുള്ള വിളി വന്ന ഫോൺ ശബ്ദിച്ചു. പെട്ടെന്ന് ഫോണെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കുഴിയിലേക്കു വീഴുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ തിരച്ചിൽ തുടങ്ങുമ്പോഴേക്കും മനീഷിന്റെ അച്ഛൻ മരിച്ചെന്ന വാർത്തയുമെത്തി.

ആറ്റിങ്ങൽ ഫയർഫോഴ്സ് രാത്രി 8 വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണു പനവേലി കടവിൽ മൃതദേഹം കണ്ടെത്തിയത്. ഒരു കാലത്ത് മണൽ വാരൽ ശക്തമായി നടന്ന സ്ഥലമാണ് പനവേലി കടവും പ്രദേശവും. ഇപ്പോഴും വലിയ വലിയ കയങ്ങൾ അവിടെ ഉള്ളതായി നാട്ടുകാർ പറയുന്നു.