ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരിമരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

single-img
20 October 2020

കൊല്ലം മാറനാട് സ്വദേശി സജീവിന്റെയും വിനിതയുടെയും ഏകമകള്‍ ആദ്യലക്ഷ്മിയാണ് കഴിഞ്ഞമാസം ശസ്ത്രക്രിയക്കിടെ മരിച്ചത്. കുട്ടിയുടെ കാലിനുണ്ടായിരുന്ന വളവ് ശസ്ത്രക്രിയ ചെയ്ത് മാറ്റുന്നതിനായാണ് ​ കടപ്പാക്കടയിലെ അനൂപ് ഓര്‍ത്തോ കെയര്‍ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയക്കിടയിൽ കുട്ടിക്ക് ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

സംഭവത്തില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിച്ചത് പൊലീസ് തടയുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്തിരുന്നു. ഡോ. അനൂപ് കൃഷ്ണൻ (35) നെയാണ്​ കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ചത്.

ഡോക്ടറുടെ ആത്മഹത്യക്കുശേഷം അന്വേഷണം ഇഴഞ്ഞുനീങ്ങുന്നെന്ന് കാട്ടി ആദ്യലക്ഷ്മിയുടെ കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനഫലം വന്നശേഷം മാത്രമേ ചികിത്സാപിഴവ് ഉണ്ടായോ എന്ന് വ്യക്തമാകൂ.