കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച് അമരീന്ദർ സിങ്

single-img
20 October 2020

പഞ്ചാബ് നിയമസഭയില്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി അമരിന്ദര്‍ സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. തന്റെ സർക്കാറിനെ പിരിച്ചുവി​ടുമെന്ന ഭയം തനിക്കില്ല. എന്നാൽ കർഷകരെ ദുരിതത്തിലാക്കാനോ, നശിപ്പിക്കാനോ അനുവദിക്കില്ല അമരീന്ദർ സിങ് പറഞ്ഞു​. കര്‍ഷക വിരുദ്ധമായ നിയമ നിര്‍മാണത്തെ പിന്തുണയ്ക്കാന്‍ സാധിക്കില്ല പ്രമേയത്തിലൂടെ പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും പ്രമേയം ആരോപിക്കുന്നു.

ഒക്‌ടോബര്‍ 14ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ചണ്ഡിഗഢില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തിരുന്നു. കേന്ദ്രം പാസാക്കിയ കര്‍ഷക വിരുദ്ധ നിയമങ്ങളെ ഏത് വിധേനയും തടയുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സംസ്ഥാനത്തെ കൃഷിയെയും സമ്പദ് വ്യവസ്ഥയെയും തകര്‍ക്കുന്ന, കര്‍ഷകരെ നശിപ്പിക്കുന്ന കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കാന്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനായി പ്രത്യേക അസംബ്ലി കൂടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ എന്നീ നിയമങ്ങള്‍ക്കെതിരെയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചത്.