കര്‍ണാടകയില്‍ യെദിയൂരപ്പ അധികകാലം തുടരില്ല; ഉടന്‍ തന്നെ പുതിയ മുഖ്യമന്ത്രിയുണ്ടാകും: ബിജെപി നേതാവ്

single-img
20 October 2020

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് അധികകാലം തുടരാന്‍ ബിഎസ് യെദിയൂരപ്പക്ക് കഴിയില്ലെന്ന് ബിജെപി നേതാവ് ബസാനഗൗഡ പാട്ടീല്‍ യത്‌നാല്‍. കഴിഞ്ഞ ദിവസം രാത്രി ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.ബസാനഗൗഡ പാട്ടീല്‍ യെദിയൂരപ്പക്കെതിരെ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെക്കൊണ്ട് പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് പൊറുതി മുട്ടിയിരിക്കുകയാണ്. അദ്ദേഹം പ്രവര്‍ത്തിക്കുന്നത് ശിവമോഗ ജില്ലയുടെ മാത്രം മുഖ്യമന്ത്രിയെ പോലെയാണ് അതിനാല്‍ സംസ്ഥാനത്ത് ഉടന്‍ തന്നെ ഒരു പുതിയ മുഖ്യമന്ത്രിയുണ്ടാകും,’ ബസാനഗൗഡ പാട്ടീല്‍ പറഞ്ഞു.

‘ മുഖ്യമന്ത്രി ഉത്തര കര്‍ണാടകയെ പൂര്‍ണമായും അവഗണിക്കുകയാണ്. എന്നാല്‍ അവിടെ നിന്നും മാത്രം 100 എം.എല്‍.എമാര്‍ വന്നത് കൊണ്ടാണ് ബിജെപിക്ക് കര്‍ണാടകയില്‍ അധികാരം നേടാനായത്. എന്നിട്ട് പോലും 15 എംഎല്‍എമാര്‍ മാത്രമുള്ള ദക്ഷിണ കര്‍ണാടകയില്‍ നിന്നാണ് മുഖ്യമന്ത്രിയെ ബിജെപി തെരഞ്ഞെടുത്തത്,’ ബസാനഗൗഡ പാട്ടീല്‍ പറഞ്ഞു.