ഇനി മുതൽ ട്രെയിനുകളിൽ പാൻട്രി കാറുകൾ ഉണ്ടാകില്ല; കോവിഡിനു ശേഷം സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ വൻ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

single-img
19 October 2020

കൊച്ചി∙ കോവിഡിനു ശേഷം സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ വൻ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. പ്രധാനമായും ഇനി മുതൽ ട്രെയിനുകളിൽ പാൻട്രി കാറുകളുണ്ടാകില്ല. പാൻട്രി കാറുകൾ പിൻവലിക്കുമ്പോൾ ഭക്ഷണത്തിനായി പ്രധാന സ്റ്റേഷനുകളിൽ ബേസ് കിച്ചനുകലയവും ഏർപ്പെടുത്തുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് എന്നിവടങ്ങളിലാണു ബേസ് കിച്ചനുകൾ വരുന്നത്. ഇവിടെ നിന്നു ഭക്ഷണം ലോഡ് ചെയ്യുകയും പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ സൈഡ് വെൻഡിങ് പ്രോൽസാഹിപ്പിക്കുകയുമാണു പുതിയ നയമെന്നു ഐആർസിടിസി വ്യക്തമാക്കുന്നു.
കേരളത്തിലോടുന്ന 9 പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കി മാറ്റും

കൂടുതൽ പേർക്കു യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ മാറ്റും വഴി ഉദ്ദേശിക്കുന്നത്. പാൻട്രി കാർ കോച്ച് പിൻവലിക്കുന്നതിനു പകരം ട്രെയിനുകളിൽ തേഡ് എസി കോച്ച് ഏർപ്പെടുത്തും. ഇതുവഴി പ്രതിവർഷം 1400 കോടി രൂപയുടെ വരുമാനമാണു റെയിൽവേ പ്രതീക്ഷിക്കുന്നത്. 350 ട്രെയിനുകളിലാണു രാജ്യത്തു പാൻട്രി സൗകര്യമുളളത്. പുറംകരാറുകൾ വഴി ഈ മേഖലയിൽ പതിനായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ബേസ് കിച്ചണിൽ നിന്നുളള ഭക്ഷണം ട്രെയിനിൽ വിതരണം ചെയ്യാൻ ജീവനക്കാരെ ആവശ്യമായതിനാൽ പാചകക്കാരെ മാത്രമാകും പുതിയ നീക്കം ദോഷകരമായി ബാധിക്കുക. പാൻട്രി കരാർ രംഗത്തുളളവർ തന്നെ ബേസ് കിച്ചണുകളുടെ കരാർ സ്വന്തമാക്കുന്നതിനാൽ തൊഴിൽ നഷ്ടം കാര്യമായി ബാധിക്കില്ലെന്നു അധികൃതർ പറയുന്നു.

റെയിൽവേയിലെ 2 പ്രബല യൂണിയനുകളാണു പാൻട്രി കാർ ഒഴിവാക്കണമെന്ന നിർദേശം റെയിൽവേ ബോർഡിനു മുന്നിൽ വച്ചത്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന മേഖലയാണു പാൻട്രി കരാറുകൾ. യാത്രക്കാരുടെ ഏറ്റവും അധികം പരാതികളും ഈ മേഖലയിലാണ്. മോശം ഭക്ഷണം നൽകുകയും അധിക നിരക്ക് ഈടാക്കുന്നതുമാണു പതിവു സംഭവങ്ങൾ. ഇത് ഒഴിവാക്കാൻ കൂടിയാണു ഇ–കേറ്ററിങ്, ബേസ് കിച്ചൺ, ട്രെയിൻ സൈഡ് വെൻ‍ഡിങ് എന്നിവ പ്രോൽസാഹിപ്പിക്കുന്നത്.

പാൻട്രി കരാർ നഷ്ടപ്പെട്ട കമ്പനികൾ ഇ–കേറ്ററിങിന്റെ ഭാഗമാകാൻ ഹോട്ടലുകൾ തുടങ്ങുന്നതും ബേസ് കിച്ചണുകളുടെ കരാറിനായി ശ്രമിക്കുന്നതുമാണു പുതിയ കാഴ്ച. സിസിടിവി ക്യാമറ നിരീക്ഷണമുൾപ്പെടെ ബേസ് കിച്ചണുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കേറ്ററിങ് രംഗത്തെ താപ്പാനകളെ തളയ്ക്കുക എളുപ്പമല്ല. റെയിൽവേ ബോർഡ് മുതൽ താഴെ തട്ടു വരെ സ്വാധീനമുളളതും രാഷ്ട്രീയക്കാരുടെ ബെനാമികളുമാണു കരാറുകാരിൽ പലരും. പാൻട്രി ഇല്ലാതാകുന്നതോടെ ദുരിതത്തിലാകുക ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവരാണ്. ഇവർക്കു കൃത്യമായ ഇടവേളകളിൽ‍ ഭക്ഷണം കിട്ടുമെന്നു ഉറപ്പാക്കാൻ പുതിയ സംവിധാനങ്ങൾക്കു കഴിയുമോയെന്നു വ്യക്തമല്ല.