തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്കു നൽകിയ തീരുമാനത്തിനെതിരായ ഹര്‍ജികള്‍ തള്ളി

single-img
19 October 2020

കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സംസ്ഥാന സര്‍ക്കാര്‍, കെ എസ് ഐ ഡി സി , ജീവനക്കാരുടെ സംഘടന എന്നിവരുടേത് ഉള്‍പ്പെടെ 7 ഹര്‍ജികളാണ് കോടതി തള്ളിയത്.

സംസ്ഥാന സര്‍ക്കാരിനെ മറികടന്നാണ് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതെന്നും ഇതില്‍ ക്രമക്കേട് ഉണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. ലേല നടപടികളില്‍ സുതാര്യതയില്ലെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്.

ടെണ്ടര്‍ നടപടികളുമായി സഹകരിച്ച ശേഷം നിയമനടപടി യുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലന്ന് കോടതി പറഞ്ഞു.. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതു കൊണ്ട് കേരളത്തിന് പരിഗണന വേണം എന്ന വാദം അംഗീകരിക്കാന്‍ സാധ്യമല്ല .ഒരു എയര്‍പോര്‍ട്ട് ന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ട്‌ലേക്ക് ഉപയോഗിക്കാന്‍ പറ്റില്ല എന്ന വാദവും ശരിയല്ല . ലേല നടപടികള്‍ അദാനിക്ക് വേണ്ടി ടൈലര്‍ മെയ്ഡ് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് പ്രത്യേക ഇളവുകളോടെ അനുമതി നല്‍കിയിരുന്നുവെന്നും പിന്നീട് ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ സംസ്ഥാനത്തിന് അര്‍ഹതയില്ലെന്നും കേന്ദ്രം വാദിച്ചു. വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നത് വിശാലമായ പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും കേന്ദ്രം വാദിച്ചു.