പൗരത്വ നിയമഭേദഗതി രാജ്യത്ത് ഉടൻ നടപ്പിലാക്കും: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ

single-img
19 October 2020

ഇന്ത്യയില്‍ ഉടന്‍തന്നെ പൗരത്വ നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. അപ്രതീക്ഷിതമായി കൊവിഡ് വൈറസ് വ്യാപനം പൊട്ടിപുറപ്പെട്ടതിനാലാണ് നിയമം നടപ്പിലാക്കാൻ സാധിക്കാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാവര്‍ക്കും ഒപ്പം ഏവരുടെയും വികസനം” എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും അടിസ്ഥാന നയമെന്നും എന്നാൽ പ്രതിപക്ഷ പാർട്ടികൾ സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ നദ്ദ പറഞ്ഞു.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സർക്കാരിന്റെ കീഴിൽ പശ്ചിമ ബംഗാളിലെ ഹെെന്ദവ ജനത നേരിട്ട പീഡനം എല്ലാവരും അറിഞ്ഞിരിക്കണമെന്നും മമത ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ പ്രധാനമന്ത്രി കിസാൻ സമൻ നിധി യോജന നടപ്പാക്കാൻ മമത സർക്കാർ അനുവദിച്ചിട്ടില്ല. സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ എല്ലാ കർഷകർക്കും പദ്ധതിയിലൂടെ ആനുകൂല്യം നൽകുമെന്നും നദ്ദ പറഞ്ഞു.