അര്‍ണാബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സമന്‍സ് അയച്ച് വിളിച്ച് വരുത്തൂ; മുംബൈ പോലീസിനോട് ഹൈക്കോടതി

single-img
19 October 2020

ചാനല്‍ റേറ്റിംഗുമായി ബന്ധപ്പെട്ട ബാര്‍ക്ക് റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയെ സമന്‍സ് അയച്ച് വിളിച്ചുവരുത്താന്‍ ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അര്‍ണാബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ സമന്‍സ് അയച്ച് വിളിച്ചുവരുത്താന്‍ മുംബൈ പോലീസിനോട് കോടതി ഇന്ന് നിര്‍ദ്ദേശിച്ചു.

കേസിലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ്.എസ് ഷിന്‍ഡേ, മകരന്ദ് കാര്‍നിക് എന്നിവരങ്ങുന്ന ബെഞ്ചിന്‍റെതാണ്
ഈ നിര്‍ദ്ദേശം. ചാനല്‍ റേറ്റിംഗ് തട്ടിപ്പില്‍ കാണ്ഡിവാലി പോലീസ് സ്‌റ്റേഷനില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവിയുടെയും ആര്‍ ഭാരത് ചാനലുകളുടെയും ഉടമസ്ഥരായ എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബോംബെ ഹൈക്കോടതി.

അതേസമയം മുംബൈ പോലീസിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഭാഷകന്‍ കബില്‍ സിബല്‍ കോടതിയില്‍ ഹാജരായി. മുംബൈ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് റിപ്പബ്ലിക് ടിവിയുടെയും ചില മറാത്തി ചാനലുകളുടെയും റേറ്റിംഗ് തട്ടിപ്പ് കണ്ടെത്തിയത്. ഈ ചാനലുകള്‍ റേറ്റിംഗ് മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന വീടുകള്‍ക്ക് പണം നല്‍കി ചാനല്‍ റേറ്റിംഗ് വര്‍ദ്ധിപ്പിച്ചുവെന്നാണ് കണ്ടെത്തിയത്.