റിലീസിനൊരുങ്ങുന്ന ലക്ഷ്മി ബോംബ് നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി

single-img
19 October 2020

റിലീസിനൊരുങ്ങുന്ന നടൻ അക്ഷയ് കുമാറിന്‍റെ ലക്ഷ്മി ബോംബ് എന്ന സിനിമക്കെതിരെ ബഹിഷ്കരണത്തിനാഹ്വാനം. ഹിന്ദു ജനജാഗ്രതി സമിതിയാണ് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് . സിനിമയുടെ പേര് തന്നെ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് പരാതി.

നവംബര്‍ 9ന് ചിത്രം ഒടിടി (Over The Top) റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഒരു വിഭാഗം ബഹിഷ്കരണാഹ്വാനം നടത്തിയത്. 2011ല്‍ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് സിനിമയുടെ റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് ആണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിന് പുറമെയുള്ള മറ്റൊരു ആരോപണം. ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്‍റെ പേര് ആസിഫ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ. ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ചില സംഘപരിവാര്‍ അനുകൂല സംഘടനകൾ പറയുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നു എന്നാണ് മൂന്നാമത്തെ പരാതി. അക്ഷയ് കുമാര്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ജഡറായി വേഷമിടുന്നതും അദ്ദേഹമാണ്. #ShameOnUAkshayKumar, #BoycottLaxmmiBomb എന്നീ ഹാഷ് ടാഗുകള്‍ ചിത്രത്തിനും അക്ഷയ് കുമാറിനുമെതിരെ ട്വിറ്ററില്‍ സജീവമാണ്. #WeLoveUAkshayKumar എന്ന ഹാഷ് ടാഗില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ മറുപടിയും നല്‍കുന്നുണ്ട്.