കോവിഡ് പ്രതിരോധം: കേരളത്തിന് ലഭിച്ച അംഗീകാരത്തിൽ ചിലർ അസ്വസ്ഥർ: മുഖ്യമന്ത്രി

single-img
19 October 2020

കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ചപറ്റി എന്ന രീതിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ മികച്ച രോഗപ്രതിരോധ ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരത്തിൽ ചിലർ അസ്വസ്ഥരാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അങ്ങിനെയുള്ള ആളുകളാണ് വസ്തുതകൾ മനസിലാക്കാതെയും ചിലപ്പോൾ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ചും കേരളത്തെ അപമാനിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘ചൈനയിലെ വുഹാനിൽ ആദ്യമായി കൊവിഡ് വ്യാപനമുണ്ടായ ശേഷം ഇന്ത്യയിൽ ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. അവിടെയും ആദ്യഘട്ടത്തിൽ രോഗബാധിതരാരും മരണപ്പെടാതെയും കൂടുതൽ പേരിലേക്ക് വ്യാപനമില്ലാതെയും നാം തടഞ്ഞു.

തുടര്‍ന്ന് ചൈനയിലും പല ലോകരാജ്യങ്ങളിലും കൊവിഡ് പടർന്നു പിടിച്ചിട്ടും ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിന് കൊവിഡിനെ നേരിടാനായിതികച്ചും ശാസ്ത്രീയമായ സമീപനത്തോടെയാണ് സംസ്ഥാനം രോഗത്തെ നേരിട്ടതെന്നും കുറഞ്ഞ കൊവിഡ് മരണനിരക്ക് അതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം മെയ് മാസത്തിൽ മരണനിരക്ക് 0.77 ശതമാനമായിരുന്നത് ജൂണിൽ 0.45 ആയി കുറഞ്ഞു, ആഗസ്റ്റിൽ അത് 0.4 ആയി, സെപ്തംബറിൽ 0.38 ആയി. ഒക്ടോബറിൽ ഇതുവരെയുള്ള മരണനിരക്ക് 0.28 ശതമാനമാണ്. ഇപ്പോള്‍ പോലും നമുക്ക് മരണനിരക്ക് കുറച്ചുകൊണ്ടു വരാൻ സാധിക്കുന്നത് അഭിമാനർഹമായ നേട്ടമാണ് എന്നും മുഖ്യമന്ത്രി പറയുന്നു. ഇതൊക്കെ കൊണ്ടാണ് കേരളത്തിന്റെ രോഗ പ്രതിരോധത്തിന് അംഗീകാരം കിട്ടുന്നതെന്നും അതിനായി സംസ്ഥാനം ഒരു ബഹുമതികളുടെയും പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളാ സർക്കാർ എവിടെയും പുരസ്കാരത്തിനായി അപേക്ഷയും കൊടുത്തിട്ടില്ലെന്നും നാം നടത്തിയ കഠിന പോരാട്ടത്തിന്റേയും അശ്രാന്ത പരിശ്രമത്തിന്റേയും ഫലമാണ് ലഭിച്ച അംഗീകാരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേപോലെ തന്നെ രാജ്യത്ത് ആദ്യമായി കൊവിഡ് പ്രോട്ടോക്കോൾ കൊണ്ടുവന്നതും പ്രതിരോധ മാർഗമായി ദേശീയ ലോക്ക്ഡൗൺ വരുന്നതിനു മുൻപ് ലോക്ക്ഡൗൺ നടപ്പിലാക്കിയതുമായ സംസ്ഥാനം കേരളം ആണെന്നതും അദ്ദേഹം ഓർമിപ്പിച്ചു.