അറിയപ്പെടുന്നത് ദൈവങ്ങളു‌ടെ വാസ സ്ഥലം എന്ന പേരില്‍; ഇത് അഗ്നി പർവ്വത സ്ഫോ‌ടനങ്ങളിൽ നിന്നും സൃഷ്‌ടിക്കപ്പെ‌ട്ട ഒരു ദ്വീപ്

single-img
19 October 2020

അതെ ഇങ്ങിനെയും ഒരു സ്ഥലമുണ്ട്. നമ്മുടെ അടുത്തല്ല, അങ്ങ് ദക്ഷിണ കൊറിയയിൽ ദൈവങ്ങളു‌ടെ വാസസ്ഥലമെന്ന് അറിയപ്പെടുന്ന ജെജു ദ്വീപാണ് ഈ താരം. ഈ ദ്വീപിന് നിരവധി സവിശേഷതകളുണ്ട്. ആധുനിക കാലത്തെ ലോകാത്ഭുതങ്ങളിലൊന്നായി നിലനിൽക്കുന്ന ജെജു ദ്വീപ് ദക്ഷിണ കൊറിയയിലെ ഏറ്റവും വലുതും സ്വയംഭരണാധികാരമുള്ളതുമായ ഒരു ദ്വീപ് കൂടിയാണ്.

എല്ലാ സമയവും സജീവമായ അഗ്നി പർവ്വതങ്ങളും ലാവാ പ്രവാഹവും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ് . ഇടവേളകള്‍ ഇല്ലാതെ ഉണ്ടാകുന്ന അഗ്നി പർവ്വത സ്ഫോ‌ടനങ്ങളിൽ നിന്നാണ് ജെജു ദ്വീപ് സൃഷ്‌ടിക്കപ്പെ‌ട്ടത് തന്നെ. ദക്ഷിണ കൊറിയയുടെ ജിയോല പ്രവിശ്യയുടെ തെക്കൻ ഭാഗമായ കൊറിയ കടലിടുക്കിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ. ദ്വീപുമായി ബന്ധപ്പെട്ട കഥകളിൽ നിന്നാണ് ദൈവങ്ങളുടെ ദ്വീപ് എന്ന പേര് വരുന്നത് തന്നെ.

ഏകദേശം ഒന്നരക്കോടിയോളം സഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ കാഴ്ചകള്‍ കാണാന്‍ എത്തുന്നത്.
സമുദ്രതീര ബീച്ച്, വ്യത്യസ്തമായ ഭൂ പ്രകൃതി, കാലാവസ്ഥ എന്നിവയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. കേവലം ആറര ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപിലാണ് ഇത്രയും സഞ്ചാരികൾ എത്തുന്നത്. അതുകൊണ്ടുതന്നെ ദക്ഷിണ കൊറിയയുടെ ഹവായ് എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.

ചൈനയിൽ നിന്നുള്ള സ‍ഞ്ചാരികൾക്ക് ഇവിടെ പ്രത്യേക ആനുകൂല്യങ്ങളുണ്ട്. ദ്വീപിലെ ഏറ്റവും പ്രധാനപ്പെ‌ട്ട കാഴ്ച ഇവിടുത്തെ സൂര്യോദയമാണ്. അഗ്നി പർവ്വതങ്ങള്‍ക്ക് മുകളിലൂടെ സൂര്യൻ ഉദിച്ചുവരുന്ന കാഴ്ച്ച സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്. ദ്വീപിലെ സൺറൈസ് പീക്ക് എന്നറിയപ്പെടുന്ന പർവ്വതത്തിന്റെ ശരിയായപേര് സിയോംഗ്സാൻ‌ ഇൽ‌ചുൽ‌ബോംഗ് എന്നാണ്.ഏകദേശം അയ്യായിരം വർഷം പഴക്കമുള്ള അഗ്നിപർവ്വതത്തിനു മുകളിലൂ‌ടെ സൂര്യൻ ഉദിച്ചുയരുമ്പോൾ താഴെ തടാകത്തിലും ബീച്ചിലുമെല്ലാം അതിന്റെ വെള്ളിവെളിച്ചം സഞ്ചാരികള്‍ക്ക് കാണാൻ കഴിയും.

ഇതിനെല്ലാം പുറമേ ജെജു ഐലന്റിലെ ജിയോംഗ് പാംഗ് വെള്ളച്ചാട്ടം നേരെ കടലിലേക്കാണ്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ തന്നെ ഇത്തരത്തിലുള്ള ഏക വെള്ളച്ചാട്ടമാണിത്.