മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ രമേശ് ചെന്നിത്തല: കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

single-img
18 October 2020

കെ എം മാണിയെ(KM Mani) ബാർകോഴക്കേസിൽ (Kerala Bar Bribery Scam കുടുക്കാൻ രമേശ് ചെന്നിത്തല (Ramesh Chennithala) ഗൂഢാലോചന നടത്തിയെന്ന് കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് (Oommen Chandy) അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോൺഗ്രസ് (Kerala Congress) പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. 

കെഎം മാണിയെ  കുടുക്കാൻ  രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ്  നേതാക്കളും പിസി ജോർജ്ജും (PC George) ഗൂഢാലോചന  നടത്തിയെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ടിൽ പറയുന്നത്. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും (Adoor Prakash) ജോസഫ് വാഴയ്ക്കനും (Joseph Vazhaykkan) പങ്കാളികളായി. ആര്‍.ബാലകൃഷ്ണപിളളയും (R Balakrishnapillai) പി.സി.ജോർജും ഗൂഢാലോചനയില്‍ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

 ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം.മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചിരുന്നു. ആരൊക്കെയാണ് ആ നേതാക്കളെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രഹസ്യ അന്വേഷണ റിപ്പോര്‍ട്ട് അതാരെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അതിന്റെ പരിണിതഫലമായിരുന്നു ബാര്‍ കോഴ കേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഎഫ്  തോമസ് അധ്യക്ഷനായ സമിതിയെ  പാർട്ടി ആരോപണം  അന്വേഷിക്കാന്‍ നിയോഗിച്ചെങ്കിലും  റിപ്പോർട്ട്  നൽകിയിരുന്നില്ല, തുടർന്നാണ് സ്വകാര്യ ഏജൻസിയെ കെഎം മാണി അന്വേഷണം ഏൽപ്പിക്കുന്നത്. പ്രസ്തുത റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Content: Ramesh Chennithala conspired to trap KM Mani in Kerala Bar Bribery Scam, says Kerala Congress enquiry report