ക്രമസമാധാനനില തകര്‍ന്നു; പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന സൂചനയുമായി അമിത് ഷാ

single-img
18 October 2020

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഭരണഘടനാനുസൃതമായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഇക്കാര്യത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും നടപടിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ് എന്ന് പറഞ്ഞ അമിത് ഷാ, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കേണ്ടി വന്നേക്കും എന്ന് പറയുകയായിരുന്നു.

നേരത്തേ, പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗീയയും ബാബുല്‍ സുപ്രിയോയും ആവശ്യപ്പെട്ടിരുന്നു. അതേസമയം,യുപിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ അമിത് ഷാ ന്യായീകരിക്കുകയും ചെയ്തു.

ഹത്രാസിലെ വിഷയം ഇത്ര വഷളാകാന്‍ കാരണം പോലീസിന്റെ വീഴ്ചയാണ്, സംസ്ഥാനത്തെ യോഗി സര്‍ക്കാരിന്റെ തെറ്റല്ല എന്നുമാണ് അമിത് ഷാ പറഞ്ഞത്. നിലവില്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ യോഗി സര്‍ക്കാര്‍നിയോഗിച്ചെന്നും ഇത് ശരിയായ കാര്യമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.