റഷ്യൻ കൊവിഡ് വാക്സിൻ സ്‌പുട്‌നിക് അഞ്ചിന്റെ പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി

single-img
17 October 2020

റഷ്യ കണ്ടുപിടിച്ച കൊവിഡ് വാക്സിനായ സ്‌പുട്‌നിക് അഞ്ചിന്റെ പരീക്ഷണം ഇന്ത്യയിൽ നടത്താൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഇന്ത്യയില്‍ നിന്നുള്ള ഫാർമസി കമ്പനിയായ ഡോക്ടർ റെഡ്ഡി ഗ്രൂപ്പിനാണ് വാക്സിന്റെ രണ്ടാം ഘട്ട ട്രയൽ പരീക്ഷണം രാജ്യത്ത് നടത്താൻ അനുമതി ലഭിച്ചിരിക്കുന്നത്.

മനുഷ്യരില്‍ പരീക്ഷിക്കുമ്പോള്‍ കൊവിഡ് വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ പഠനവും പരീക്ഷണത്തിന്റെ ഭാഗമായിരിക്കുമെന്ന് ഡോ. റെഡ്ഡിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർ‌ഡി‌എഫ്) പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

റഷ്യയില്‍ സ്‌പുട്‌നിക് വാക്സിന് അനുമതി ലഭിക്കുന്നതിന് മുമ്പ് വളരെ കുറച്ച് ആളുകളിൽ മാത്രമാണ് റഷ്യ പരീക്ഷണം നടത്തിയിരുന്നത്. പക്ഷെ ഇപ്പോള്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളിൽ വാക്​സിൻ പരീക്ഷണം നടത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ​ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നേരത്തെ വാക്​സിൻ പരീക്ഷണത്തിന്​ ഏജൻസി അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇപ്പോള്‍ റഷ്യയിൽ സ്‌പുട്‌നിക് അഞ്ചിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 40000 സന്നദ്ധപ്രവർത്തകരാണ് പരീക്ഷണത്തിൽ പങ്കെടുക്കുന്നത്. ഈ വര്‍ഷം സെപ്​റ്റംബറിലാണ്​ വാക്​സിൻ പരീക്ഷണം നടത്താൻ റെഡ്ഡി ഗ്രൂപ്പുമായി റഷ്യൻ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട്​ കരാർ ഒപ്പിട്ടത്​.