ദളിത് യുവാവിനെ പ്രണയിച്ചതിന് 19കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് അടിച്ചു കൊന്ന് കുഴിച്ചുമൂടി

single-img
17 October 2020
karnataka honour killing

ബെംഗളൂരു: കർണാടകയിൽ ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ച 19 വയസുകാരിയെ സ്വന്തം പിതാവും പിതൃസഹോദരപുത്രന്മാരും ചേർന്ന് കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടി. ബെംഗളൂരുവിൽ (Bengaluru) നിന്ന് 50 കിലോമീറ്റർ അകലെയുള്ള രാമനഗരം (Ramanagaram) ജില്ലയിലാണ് സംഭവം. യുവതിയുടെ ശരീരം മറവ് ചെയ്തതിന് ശേഷം പിതാവ് കൃഷ്ണപ്പ യുവതിയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

രാമനഗരം ജില്ലയിലെ മാഗദ താലൂക്കിലുള്ള ബേട്ടടഹള്ളി(Bettadahalli) സ്വദേശിനിയായ ഹേമലത (Hemalatha) എന്ന 19 വയസുകാരിയെയാണ് കൊലപ്പെടുത്തിയത്. വൊക്കലിഗ എന്ന ഉയർന്ന സമുദായത്തിൽപ്പെട്ട ഹേമലത ദളിത് വിഭാഗത്തിൽപ്പെട്ട പുനീത് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു.

ഒക്ടോബർ 9-നാണ് ബികോം വിദ്യാർത്ഥിനിയായ തന്റെ മകൾ ഹേമലതയെ കാണാനില്ലെന്ന് കാണിച്ച് കൃഷ്ണപ്പ കൂടൂർ പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. കാമുകനായ പുനീതിനെ പ്രതിയാക്കിയായിരുന്നു പരാതി.

പരാതി പരിഗണിച്ച പൊലീസ് 21 അംഗസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ 10-ന് വീടിനടുത്തുള്ള ഒരു ഫാമിനുള്ളിൽ കുഴിച്ചിട്ട നിലയിൽ ഹേമലതയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തലയിൽ ഗുരുതരമായ പരിക്കേറ്റ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

എന്നാൽ മരണാനന്തരച്ചടങ്ങുകൾക്കിടയിൽ ബന്ധുക്കൾക്ക് കാര്യമായ ദുഃഖമില്ലെന്ന കാര്യം ശ്രദ്ധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തിയത്. ഹേമലതയുടെ പിതാവ് കൃഷ്ണപ്പ ( Krishnappa-48), പിതൃസഹോദരപുത്രൻ യോഗേഷ് (Yogesh-21), ഇവരുടെ അകന്ന ബന്ധുവായ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി എന്നിവർ ചേർന്ന് ഹേമലതയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഫാമിൽ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യോഗേഷാണ് കേസിലെ മുഖ്യപ്രതി. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 302 (നരഹത്യ), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട്.

ഹേമലതയെ കാണാതായ ശേഷം 24 മണിക്കൂർ കഴിഞ്ഞാണ് കൃഷ്ണപ്പ പരാതിയുമായെത്തിയതെന്നതും സംശയം ജനിപ്പിച്ചുവെന്ന് സെൻട്രൽ റേഞ്ച് ഐജി സീമന്ത് കുമാർ സിങ് (Seemant Kumar Singh) ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Content: Karnataka 19 year old girl killed by father, cousin brothers over inter-caste relationship