സഭയുടെ പിന്തുണ അവകാശപ്പെട്ട് ജോസും ജോസഫും; ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് കത്തോലിക്കാ വിഭാഗത്തെ കയ്യിലെടുക്കാന്‍

single-img
17 October 2020

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ നട്ടെല്ലായ കത്തോലിക്കാ സഭയുടെ പിന്തുണ തങ്ങള്‍ക്കാണെന്നു അവകാശവുമായി പി.ജെ. ജോസഫും ജോസ് കെ. മാണിയും രംഗത്ത്. ഇരുകൂട്ടരും സഭയുടെ പിന്തുണ തങ്ങള്‍ക്കാണെന്നു മുന്നണിനേതൃത്വങ്ങളെ ധരിപ്പിച്ചിട്ടുണ്ട്.

മറ്റു ക്രൈസ്തവ സഭകളുമായി അടുപ്പമുണ്ടാക്കാന്‍ കഴിഞ്ഞപ്പോഴും സി.പി.എമ്മിനും ഇടതുമുന്നണിക്കും കത്തോലിക്കാ അകലം പാലിച്ചിരുന്നു. ഈ അകലം ഇല്ലാതാക്കാന്‍ ജോസ് കെ. മാണി വിഭാഗത്തിന്റെ വരവോടെ കഴിയുമെന്ന വിശ്വാസത്തിലാണു ജോസ് വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

കാലങ്ങളായി കത്തോലിക്കാ സഭ, പ്രത്യേകിച്ചും സിറോ മലബാര്‍ സഭ ഇടതുമുന്നണിയുമായി അടുപ്പം പുലര്‍ത്തിയിട്ടില്ല. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരേ രൂക്ഷമായ ഭാഷയിലാണ് സിറോ മലബാര്‍ സഭ പ്രതികരിച്ചത്. പാലാ രൂപതയും ചങ്ങനാശേരി അതിരൂപതയുമാണു സര്‍ക്കാരിനെതിരേ ആദ്യം രംഗത്തുവന്നത്.

സര്‍ക്കാര്‍ ക്രൈസ്തവേതര നിലപാടാണു സ്വീകരിക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സഭയുടെ പിന്തുണ ഉറപ്പാക്കിയശേഷമായിരുന്നു ജോസ് കെ. മാണിയുടെ മുന്നണി മാറ്റം. പാലാ രൂപതാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു ജോസ് കെ. മാണി എല്‍.ഡി.എഫിനൊപ്പം ചേരാനുളള തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പിന്തുണ മറ്റ് സ്ഥലങ്ങളില്‍ കിട്ടുമോ എന്നതാണ് വിഷയം.

പി.ജെ. ജോസഫ് ഇടതുമുന്നണിയുടെ ഭാഗമായി നിന്ന സമയത്തും യു.ഡി.എഫ്. പക്ഷത്തുണ്ടായിരുന്ന കെ.എം. മാണി വിഭാഗത്തിനായിരുന്നു സഭയുടെ പിന്തുണ. പിന്നീട് എല്‍.ഡി.എഫില്‍നിന്നും ജോസഫ് വിഭാഗത്തെ യു.ഡി.എഫിലെത്തിക്കാന്‍ നീക്കം നടത്തിയതും കത്തോലിക്കാ സഭ ആയിരുന്നു. കെ.എം. മാണിയുടെ മരണശേഷം ജോസും ജോസഫും ഇരു ചേരിയിലായതോടെ ഇരുവരെയും ഒന്നിപ്പിക്കുന്നതിനുളള നീക്കം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ക്ലീമീസ് കത്തോലിക്കാ ബാവായും മാര്‍ ജോസഫ് കല്ലറങ്ങാട്ടുമടക്കമുളള ബിഷപ്പുമാര്‍ നടത്തിയെങ്കിലും ഇരുവരും നിലപാടില്‍ ഉറച്ചു നിന്ന സാഹചര്യത്തില്‍ അനുനയശ്രമം വിജയം കണ്ടില്ല. ഇതോടെയാണ് സഭ കേരള കോണ്‍ഗ്രസിന്റെ ഐക്യശ്രമത്തില്‍നിന്നു പിന്‍മാറിയത്.

കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ്. യോഗത്തില്‍ പി.ജെ. ജോസഫ് സഭയുടെ പിന്തുണ തന്റെ വിഭാഗത്തിനാണെന്നാണ് വ്യക്തമാക്കിയത്. ഈ പിന്തുണ ഉറപ്പാക്കണമെന്നാണ് യു.ഡി.എഫ്. നേതൃത്വം ജോസഫിനോട് ആവശ്യപ്പെട്ടത്. ജോസഫിനു പുറമേ ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫ് , ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവരും സഭയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. എന്നാല്‍ ജോസ് വിഭാഗത്തില്‍ ജോസിന് പുറമേ റോഷി അഗസ്റ്റിന് മാത്രമാണ് സഭയുടെ പിന്തുണ അവകാശപ്പെടാനുളളത്.