കെ കരുണാകരൻ്റെ കാലത്ത് ആരും മുന്നണി വിട്ടു പേയിട്ടില്ലെന്ന് കെ മുരളീധരൻ

single-img
16 October 2020

കെ കരുണാകരൻ്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ലെന്ന് കെ മുരളീധരൻ എംപി. അദ്ദേഹം കൂടുതല്‍ ആള്‍ക്കാരെ എടുത്തിട്ടേയുള്ളൂ. ജോസ് കെ മാണി വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിടാതെ യുഡിഎഫ് നോക്കേണ്ടതായിരുന്നുവെന്നും  കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി. 

ചില്ലറ വിട്ടുവീഴ്ച രണ്ടുകൂട്ടരും കാണിക്കണമായിരുന്നു. ജോസ് കെ മാണി ഒരു അബദ്ധം കാണിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു. മൂന്നുമാസം മാത്രം കാലാവധിയുള്ള ഒരു ജില്ലാ പഞ്ചായത്തിനു വേണ്ടി 38 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചത് ശരിയല്ല. ഇതിന്റെ പേരില്‍ മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. 

യുഡിഎഫ് എന്ന ശക്തമായ മുന്നണിയില്‍ നിന്നും ചില കക്ഷികള്‍ വിട്ടുപോകുമ്പോള്‍ അത് തടയാനും, കൂടുതല്‍ കക്ഷികളെ ചേര്‍ക്കണമെന്നുമുള്ള നിര്‍ദേശമാണ് താന്‍ മുന്നോട്ടുവെച്ചത്. അത് ആര്‍ക്കെങ്കിലും എതിരല്ല. അത് ഏതെങ്കിലും നേതാക്കള്‍ക്ക് എതിരല്ല, മുന്നണി നേതൃത്വത്തിനും എതിരല്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. 

യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികളെ കൊണ്ടു വരണം. മുന്നണിയിലെ കൊഴിഞ്ഞുപോക്ക് തടയാനാവുന്നില്ല എന്ന ധാരണ ജനങ്ങള്‍ക്കുണ്ടെന്നും  കൂടുതല്‍ കക്ഷികള്‍ വിട്ടുപോകുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും കെ മുരളീധരന്‍ സൂചിപ്പിച്ചു. .