തീപിടിത്തം അന്വേഷിച്ച ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി: ഗുരുതര ആരോപണവുമായി ചെന്നിത്തല

single-img
16 October 2020

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തി്ല്‍ സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍, സെക്രട്ടേറിയറ്റ് തീപിടുത്തം കേസുകള്‍ അട്ടിമറിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗിച്ച് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ഇതിന് ശ്രമം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഇതിന് ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 

സെക്രട്ടേറിയറ്റ് തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മുലമല്ലെന്ന്  ഫോറന്‍സിക് വിഭാഗം കോടതിയില്‍ നല്‍കിയ കെമിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തീപിടുത്തത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. പൊലീസ് ആസ്ഥാനത്തെ ഐജി ഫോറന്‍സിക് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചു വരുത്തി. പരിശോധനാ ഫലത്തെക്കുറിച്ച് ചോദിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. 

റിപ്പോര്‍ട്ട് എതിരാണെങ്കില്‍ കോടതിയില്‍ നല്‍കരുതെന്ന് ഐജി നിര്‍ദേശിച്ചു. ഇത് അസ്വാഭാവിക നടപടിയാണ്. ഇത്തരം നിര്‍ദേശം നല്‍കാന്‍ ഐജിയെ ചുമതലപ്പെടുത്തിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 

2021 ഫെബ്രുവരി വരെ കാലാവധിയുള്ള ഡയറക്ടര്‍ ഇപ്പോള്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരിക്കുകയാണെന്നും ഇത് സര്‍ക്കാരിൻ്റെ ഭീഷണി ഭയന്നിട്ടാണെന്ന് സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫോറന്‍സിക് വിഭാഗത്തിന്റെ തലപ്പത്ത് സയന്റിസ്റ്റിന് പകരം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഡിജിപി സര്‍ക്കാരിന് കത്തു നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. 

ഇപ്പോള്‍ സര്‍ക്കാര്‍ താല്‍ക്കാലിക ജീവനക്കാരെ ഫോറന്‍സിക് വിഭാഗത്തില്‍ നിയോഗിച്ചിരിക്കുകയാണ്. ഇവരാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുന്നത്. ഇത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. ഫോറന്‍സിക് വിഭാഗത്തില്‍ ഒഴിവുണ്ടെങ്കില്‍ പി എസ് സി വഴി നികത്തുകയാണ് വേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തു വരാതിരിക്കാനാണ് വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.