വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണം: മുഖ്യമന്ത്രിക്ക് യമൻ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന നിമിഷയുടെ കത്ത്

single-img
16 October 2020

ജയില്‍ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട്വധശിക്ഷ കാത്ത് യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ മുഖ്യമന്ത്രിക്ക് കത്തയച്ചു.  ഓരോ നിമിഷവും ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചും അമ്മയേയും കുഞ്ഞിനേയും ഭര്‍ത്താവിനേയും ഇനി കാണാന്‍ കഴിയുമോ എന്ന ആശങ്കയോടെയുമാണ് ദിനങ്ങള്‍ തള്ളിനീക്കുന്നതെന്നാണ് കത്തിൽ പറയുന്നു. 

സര്‍ക്കാര്‍ തലത്തിലുള്ള നിയമ, നയതന്ത്ര സഹായങ്ങളാണ് യുവതി കത്തില്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും കേന്ദ്രത്തിന്റെയും ഇടപെടലുകള്‍ കൂടി ഉണ്ടായാല്‍ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയ.

യെമന്‍ സനയിലെ ജയില്‍ നിന്നാണ് മുഖ്യമന്ത്രിയ്ക്ക് നിമിഷ പ്രിയ കത്ത് അയച്ചത്. യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖേനയാണ് കത്ത് കൈമാറിയത്. 

യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയെ യമൻ കോടതി വധശിക്ഷ വിധിച്ചത്. ഇടപെടലുകളെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മോചനദ്രവ്യമായി ഏകദേശം 70 ലക്ഷം രൂപ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 

ഈ തുക പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. ജയില്‍ മോചന ശ്രമങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി അടക്കമുള്ളവര്‍ക്ക് അപേക്ഷയും നൽകിയിട്ടുണ്ട്.