പട്ടിണി കാരണം ഒരു അമ്മ തന്റെ 6 വയസ്സുള്ള മകളെ കൊലപ്പെടുത്തി

single-img
15 October 2020

ഉത്തര്‍പ്രദേശ്: പട്ടിണി കാരണം ഉത്തർപ്രദേശിൽ ഒരു അമ്മ തന്റെ 6 വയസ്സുള്ള മകളെ കൊലപ്പെടുത്തി. യു.പിയിലെ ബെസ്‌കി ഗ്രാമത്തിലാണ് സംഭവം.കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സ്വന്തം കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും കഴിയാതിരുന്നതിനാലാണ് അമ്മ തന്റെ മൂന്നാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉഷാ ദേവിയുടെ കുടുംബം കടുത്ത ദാരിദ്ര്യമാണ് മാസങ്ങളായി നേരിട്ടിരുന്നത്. ഒരു അപകടത്തെത്തുടര്‍ന്ന് ഉഷാകുമാരിയുടെ ഭര്‍ത്താവ് രത്‌നേഷ് തിവാരിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു തുടര്‍ന്ന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു കുടുംബം. വീട്ടുപണി ചെയ്ത് കുട്ടികളെയും ഭര്‍ത്താവിനെയും നോക്കാന്‍ കഴിയാതിരുന്നതിനാല്‍ ഉഷാ ദേവി മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും എസ്പി (ട്രാൻസ് ഗംഗ) ധവാൾ ജയ്‌സ്വാൾ പറഞ്ഞു.

ഉഷാ ദേവിയെ ഹാണ്ടിയ പോലീസ് കൊലപാതക കുറ്റത്തിന് അറസ്റ് ചെയ്തു. ഉഷാ ദേവിക്ക് മകളെ കൂടാതെ രണ്ടു ആൺമക്കൾ കൂടിയുണ്ട്. തന്റെ മകളുടെ ഭാവിയെക്കുറിച്ച് വളരെ ആശങ്കാകുലയായിരുന്നു, ഭാവിയിൽ അവളുടെ വിവാഹത്തിന് കുടുംബം എങ്ങനെ പണം കണ്ടെത്തും എന്നൊക്കെയുള്ള ആശങ്കകളുമൊക്കെയാണ് കൊലപാതകത്തിലെക്കു നയിച്ചത്.

പട്ടിണി മൂലം കുട്ടികളെ മാതാപിതാക്കള്‍ കൊല്ലുന്ന സംഭവം നേരത്തേയും യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് 19ന്റെ സാഹചര്യത്തില്‍ രാജ്യത്ത് പെട്ടന്നുണ്ടായ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തില്‍ പലരുടെയും തൊഴില്‍ നഷ്ടപ്പെട്ടതും പട്ടിണിയിലേക്ക് നയിച്ചിരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കൊവിഡ് 19 മൂലമുള്ളതിനേക്കാള്‍ മരണങ്ങള്‍ പട്ടിണി മൂലം സംഭവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരത്തേ വന്നിരുന്നു