സ്വർണ്ണക്കടത്തിൽ 10 പ്രതികൾക്ക് എൻഐഎ കോടതിയുടെ ജാമ്യം; എൻഐഎയ്ക്ക് തിരിച്ചടി

single-img
15 October 2020
NIA court bail gold smuggling

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ പത്ത് പ്രതികള്‍ക്ക് എൻ ഐ എ കോടതി ജാമ്യം അനുവദിച്ചു. അതേസമയം മൂന്നുപേരുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.

അതേസമയം പത്തുപേർക്ക് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. സ്വർണ്ണക്കടത്തിൽ രാജ്യാന്തരബന്ധമുണ്ടെന്നും അത് തെളിയിക്കാൻ കൂടുതൽ സമയം വേണമെന്നും എൻഐഎ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യാന്തര ഗൂഢാലോചനയ്ക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനാലാണ് 10 പേർക്ക് ജാമ്യം ലഭിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം കേസുമായി നേരിട്ട് ബന്ധമുള്ള പ്രതികൾക്കല്ല ജാമ്യം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. സ്വർണക്കടത്തിന് വേണ്ടി പണം നൽകുകയോ സ്വർണം വിൽക്കാൻ സംവിധാനമുണ്ടാക്കുകയോ ചെയ്തവർക്കാണ് ജാമ്യം ലഭിച്ചത്.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും, സരിതും എൻഐഎ കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചിരുന്നു. കൊഫെപോസെ കേസിൽ ഒരു വർഷം കരുതൽ തടങ്കലിന് നിർദ്ദേശിച്ച സാഹചര്യം അടക്കമാണ് ഹർജി പിൻവലിക്കാൻ കാരണം.

അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് ഈമാസം 23 വരെ ഹൈക്കോടതി തടഞ്ഞു.  ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി എം ശിവശങ്കർ എൻഫോഴസ്മെന്‍റിന് മുന്നിൽ ഹാജരായി. 

Content: NIA court grants bail for 10 accused in the Kerala gold smuggling case