കാശ്മീരിനുള്ള ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണം; ‘പീപ്പിള്‍സ് അലയന്‍സ്’ സഖ്യവുമായി ഗുപ്കാര്‍ കൂട്ടായ്മ

single-img
15 October 2020

ഇന്ത്യന്‍ ഭരണഘടനയില്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതിയ സഖ്യം രൂപീകരിച്ച ഗുപ്കാര്‍ കൂട്ടായ്മ. ഇന്ന് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ‘പീപ്പിള്‍സ് അലയന്‍സ്’ എന്ന് പേര് നല്‍കിയ സഖ്യം രൂപീകരിച്ചത്.

ഈ യോഗത്തില്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണല്‍ കോണ്‍ഫറന്‍സ്) പുറമെ മെഹബൂബ മുഫ്തി( പിഡിപി), സജാദ് ഗനി ല്യോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്), ജവൈദ് മിര്‍ (പീപ്പിള്‍സ് മൂവ്‌മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സിപിഎം) എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.