ഹാഥ്രസ് കേസന്വേഷണത്തിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതിയെ ഏൽപ്പിച്ച് സുപ്രീം കോടതി

single-img
15 October 2020
Hathras case supreme court

ഹാഥ്രസിൽ (Hathras) 19 വയസുകാരിയായ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം അലഹബാദ് ഹൈക്കോടതി(Allahabad High Court)യുടെ നിരീക്ഷണത്തിൽ നടക്കുമെന്ന് സുപ്രീം കോടതി (Supreme Court).

കേസന്വേഷണം ഡൽഹിയിലെ ഏതെങ്കിലും കോടതിയുടെ പരിധിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജ്ജിയിന്മേലാണ് വിധി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സായുധപൊലീസും സിസി ടിവി ക്യാമറയുമടക്കം ത്രിതല സുരക്ഷാ സംവിധാനമാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തർ പ്രദേശ് സർക്കാരിന്റെ സത്യവാങ്മൂലം ഉദ്ധരിച്ച് സൊളിസിറ്റർ ജനറൽ തുഷാർ മേത്ത (Tushar Mehta) കോടതിയെ അറിയിച്ചു. സാക്ഷികളുടെ സുരക്ഷയ്ക്കായി സി ആർ പി എഫിനെ നീയോഗിക്കണമെന്നും സുപ്രീം കോടതിയ്ക്ക് ഉചിതമെന്ന് തോന്നുന്ന ഏത് ഏജൻസിക്ക് സുരക്ഷാ ചുമതല നൽകുന്നതിലും സർക്കാരിന് എതിർപ്പില്ലെന്നും ഉത്തർ പ്രദേശ് ഡിജിപിയുടെ അഭിഭാഷകൻ ഹരീഷ് സാൽവേ പറഞ്ഞു.

അന്വേഷണത്തിന് ശേഷം വിചാരണ ഡൽഹിയിലെ ഏതെങ്കിലും കോടതിയിൽ നടത്തണമെന്ന് ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷക സീമ ഖുശ്വാഹ അഭ്യർത്ഥിച്ചു. അന്വേഷണത്തിന്റെ ഓരോ പുരോഗതിയുടെയും റിപ്പോർട്ട് അപക്സ് കോടതിയിൽ സമർപ്പിക്കാൻ സിബിഐയോടാവശ്യപ്പെടണമെന്നും അവർ അഭ്യർത്ഥിച്ചു.

എന്നാൽ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കുമെന്നും എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ സുപ്രീം കോടതി ഇടപെടുമെന്നും ജസ്റ്റിസ് ബോബ്ഡേ പറഞ്ഞു.

Content: Allahabad High Court to monitor Hathras case, says Supreme Court