ജോസ് കെ മാണി എല്‍ഡിഎഫാണ് ശരിയെന്ന് പറയുമ്പോള്‍ ഞങ്ങളെന്തിനാണ് എതിര്‍ക്കുന്നത്: കാനം രാജേന്ദ്രന്‍

single-img
15 October 2020

ജോസ് കെ മാണി വിഭാഗം യുഡിഎഫ് മുന്നണിയെ തള്ളിപറഞ്ഞ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുമ്പോള്‍ അതിനെ പാര്‍ട്ടി എതിര്‍ക്കുന്നതെന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി കൃഷിക്കാര്‍ക്കനുകൂലമായി സ്വീകരിച്ചിട്ടുള്ള നിരവധി നടപടികള്‍ ഒരോന്നോരോന്നായി വിശദീകരിച്ചാണ് ജോസ് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും എന്ന് പറഞ്ഞിട്ടുള്ളത്.

അക്കാര്യം മുന്നണികൂടി വിലയിരുത്തി ഇനിയങ്ങോട്ടെങ്ങനെ എന്ന കാര്യങ്ങള്‍ തീരുമാനിക്കും. ഒരു വ്യക്തി കേരളത്തിലെ സര്‍ക്കാര്‍ കൃഷിക്കനുകൂലമാണെന്ന് പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയേണ്ടതില്ലല്ലോ എന്നും കാനം ജോസ് കെ മാണിയുടെ മുന്നണിമാറ്റത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

കാനത്തിന്റെ വാക്കുകള്‍: ‘കേരള കോണ്‍ഗ്രസ് നേരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തുണ്ടായിരുന്ന നിലപാടിനെക്കുറിച്ചല്ലല്ലോ ഇപ്പോള്‍ 21ാം നൂറ്റാണ്ടില്‍ പറയുന്നത്. അവര്‍ മുന്‍പ് യുഡിഎഫിലായിരുന്നപ്പോള്‍ യുഡിഎഫിന്റെ നിലപാടുകളെയും ഇവരുടെ നിലപാടുകളെയും നമ്മള്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ യുഡിഎഫിനെ തള്ളിപ്പറഞ്ഞ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുമ്പോള്‍ ഞങ്ങളെന്തിനാണ് എതിര്‍ക്കുന്നത്?,’

മുന്‍പ് കെഎം മാണിയുടെ അഴിമതിയെക്കുറിച്ചൊക്കെ സിപിഐ വിമര്‍ശമുന്നയിച്ചതായിരുന്നല്ലോ. ഇപ്പോള്‍ അവര്‍ ഇടത് മുന്നണിയിലേക്ക് വന്നു കഴിഞ്ഞാല്‍ അണികളോട് എങ്ങനെയാണ് ഇക്കാര്യം വിശദീകരിക്കുക എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊക്കെ ഞങ്ങള്‍ പറഞ്ഞോളാം എന്നായിരുന്നു കാനം നല്‍കിയ മറുപടി.