കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്; സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

single-img
15 October 2020

രാജ്യത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകി. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ച് അതത് സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾക്കും ഇതിന് അനുവാദം നൽകാതിരിക്കാമെന്നും കേന്ദ്രം പറയുന്നു.

അനുവാദവുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദ്ദേശങ്ങളും കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പരിപാടിക്ക് എത്തുന്ന കലാകാരന്മാർ കൊവിഡില്ലെന്ന പരിശോധനാ ഫലം കാണിക്കണം. മാത്രമല്ല, അവര്‍ മേക്കപ്പ് കഴിവതും വീട്ടിൽ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കണം. പരിപാടി സംഘടിപ്പിക്കുന്ന ഓഡിറ്റോറിയങ്ങളിൽ കാഴ്ചക്കാരായി പരമാവധി 200 പേര്‍ക്ക് വരെ പ്രവേശനം നല്‍കാം.

എന്നാല്‍ തുറസായ സ്ഥലങ്ങളിൽ ആറടി അകലം വിട്ട് മാത്രമേ കാണികളെ ഇരുത്താവൂവെന്നും മാർഗനിർദ്ദേശത്തിൽ പ്രത്യേകം പറയുന്നു. പങ്കെടുക്കാന്‍ എത്തുന്നവര്‍ മാസ്കോ ഫെയ്സ് ഷീൽഡോ നിർബന്ധമായും ധരിക്കണം. സംഘാടകര്‍ വേദിയും സദസും പരിപാടിക്ക് മുൻപ് അണുവിമുക്തമാക്കണം.
അതുപോലെ തന്നെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും നിർബന്ധമായും സാനിറ്റൈസർ കരുതണം.

ആളുകള്‍ ഉപയോഗിച്ച മാസ്കുകൾ ഉപേക്ഷിക്കുന്നതിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം.പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണം. പരിപാടിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ജോലിയിലും ഗർഭിണികളും പ്രായമായവരും ചികിത്സയിലിരിക്കുന്ന രോഗികളും പങ്കെടുക്കാന്‍ പാടില്ല. കൊവിഡിനെ കുറിച്ച് സംഘടാകർ ജീവനക്കാർക്ക് പരിശീലനം നൽകണം.

പരിപാടി അവതരിപ്പിക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് ഫലം കൈവശം കരുതണം. അവതാരകരായ കലാകാരന്മാരും കലാകാരികളും പൂര്‍ണ്ണസമയം മാസ്ക് ധരിക്കണം. അണിയറയിലെ ഗ്രീൻ റൂമുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. എത്തുന്ന എല്ലാ സന്ദർശകർക്കും പ്രവേശന കവാടത്തിൽ തെർമൽ സ്ക്രീനിങ് നടത്തണം. രോഗ ലക്ഷണം ഇല്ലാത്തവർക്ക് മാത്രമേ പ്രവേശനം നൽകാവൂ.പ്രവേശന ടിക്കറ്റിന് ഡിജിറ്റൽ മാർഗങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണം, തുടങ്ങിയ മാർഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.