റിപ്പബ്ലിക് വ്യാജ റേറ്റിംഗ് വിവാദം: ബാർക് റേറ്റിംഗ് നിർത്തിവെച്ചു

single-img
15 October 2020

ടെലിവിഷൻ ചാനലുകൾക്ക് റേറ്റിംഗ് തൽക്കാലത്തേയ്ക്ക് നിർത്തിവെയ്ക്കാൻ ബാർക് (BARC -Broadcast Audience Research Council) തീരുമാനിച്ചു. റിപ്പബ്ലിക് ടിവിയടക്കം മൂന്ന് ചാനലുകൾ റേറ്റിംഗിൽ കൃത്രിമത്വം കാണിച്ചതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ആഴ്ചതോറുമാണ് ബാർക് ചാനലുകളുടെ റേറ്റിംഗ് പുറത്തുവിടുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, മറ്റു പ്രാദേശിക ഭാഷകൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള ചാനലുകളുടെ റേറ്റിംഗ് നിർത്തിവെച്ചിട്ടുണ്ട്.

നിലവിൽ റേറ്റിംഗ് കണക്കാക്കുന്ന രീതി പുനഃപരിശോധിച്ച് സ്ഥിതിവിവരക്കണക്കുകളുടെ കൃത്യത വർദ്ധിപ്പിക്കുന്നതിനും സാമ്പിൾ ആയി കണക്കാക്കിയിരിക്കുന്ന വീടുകൾ കണ്ടെത്താനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമാണ് തൽക്കാലത്തേയ്ക്ക് റേറ്റിംഗ് നിർത്തിവെച്ചതെന്ന് ബാർക് പ്രസ്താവനയിലൂടെ അറിയിച്ചു.

ചാനലുകൾ കാണുന്ന പ്രേക്ഷകരുടെ ഇനം തിരിച്ചുള്ള സ്ഥിതിവിവരക്കണക്കുപയോഗിച്ചാണ് ബാർക് റേറ്റിംഗ് തയ്യാറാക്കുന്നത്. ഇതിനായി രാജ്യമൊട്ടാകെ മുപ്പതിനായിരത്തോളം വീടുകളിൽ ബാർക് അവരുടെ ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ടിവി(Republic TV), ഫക്ത് മറാഠി(Fakt Marathi), ബോക്സ് സിനിമ(Box Cinema) എന്നീ ചാനലുകൾ ബാർക് റേറ്റിംഗിൽ കൃത്രിമത്വം കാണിക്കുന്നതിനായി പ്രേക്ഷകർക്ക് പണം നൽകിയതായി മുംബൈ പൊലീസ് കണ്ടെത്തിയത് വിവാദമായിരുന്നു. കൃത്രിമമായി സൃഷ്ടിച്ച ഈ റേറ്റിംഗ് ഉപയോഗിച്ച് ഈ ചാനലുകൾ അനധികൃതമായി ഉയർന്ന പരസ്യനിരക്കുകൾ ഈടാക്കിയെന്നാണ് ആരോപണം.

Content: BARC To Pause News Channel Ratings To Review System Amid Republic TV Ratings Row