ഇടവേള ബാബുവിന്റെ പരാമർശത്തിൽ താരസംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കണം; തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും

single-img
15 October 2020

നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ മലയാള സിനിമാ താരസംഘടനയായ എ.എം.എം.എയ്ക്ക് (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്‌സ്) തുറന്ന കത്തുമായി നടിമാരായ രേവതിയും പത്മപ്രിയയും. പാര്‍വ്വതിയുടെ രാജി തീരുമാനത്തില്‍ ഇരുവരും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജി വച്ചിട്ടും മൗനം തുടരുന്ന അമ്മയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ് കത്ത്. ഇടവേള ബാബുവിന്റെ പരാമർശത്തിൽ സംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. സിദ്ദിഖിനെതിരായ ആരോപണത്തിൽ സ്വീകരിച്ച നടപടി എന്താണെന്ന് ചോദിച്ച ഇരുവരും സംഘടനയെയും സിനിമ മേഖലയെയെയും അപമാനിക്കുന്ന അംഗങ്ങളുടെ പ്രസ്താവനകളിൽ എന്ത് നടപടി സ്വീകരിക്കുമെന്നും ചോദിക്കുന്നുണ്ട്.

വിചാരണാഘട്ടത്തിലുള്ള ഒരു കേസിനെ കുറിച്ച് മോശമായി സംസാരിച്ച് സംഘടനയിലെ മറ്റ് അംഗങ്ങൾക്കിടയിൽ കേസിനെ വില കുറച്ച് കാണിക്കാൻ സംഘടനയിലെ തന്നെ ചില താരങ്ങൾ ശ്രമിക്കുന്നുണ്ട്. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം സംഘടനാ സെക്രട്ടറി ഇടവേള ബാബു നടത്തിയ പ്രസ്താവന. അൻപത് ശതമാനത്തിലേറെ വനിതകളുള്ള ഈ സംഘടനയിൽ അവരെ സംരക്ഷിക്കാനോ അവർക്ക് നീതി നൽകാനോ ശ്രമം ഉണ്ടാകില്ല എന്നതിന് ഉദാഹരണമാണ് ഇത്. ഇത്തരമൊരു സംഭവമുണ്ടായിട്ടും സംഘടനാ ഭാരവാഹികൾ മൗനം പാലിക്കുന്നതിനെ കുറിച്ചും കത്തിൽ പരമാമർശിച്ചിട്ടുണ്ട്. പുരുഷാധിപത്യത്തിലുള്ള സമാധാനം സ്ത്രീകൾക്കെതിരായ യുദ്ധമാണ് എന്ന മറിയ മൈസിന്റെ വാക്യത്തോടെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

കത്തില്‍ ഉന്നയിച്ചിരുന്ന പ്രധാന ചോദ്യങ്ങള്‍

  1. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീ ഇടവേള ബാബു മാധ്യമങ്ങളില്‍ നടത്തിയ അഭിമുഖങ്ങളും അതെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് ഗണേഷ് കുമാര്‍ നടത്തിയ പ്രതികരണത്തെക്കുറിച്ചും വ്യക്തികളെന്ന നിലയിലും അമ്മ നേതൃത്വമെന്ന നിലയിലും എന്ത് നിലപാടാണ് സ്വീകരിക്കുന്നത്?
  2. നേതൃത്വത്തിലെ ചില അംഗങ്ങള്‍ അമ്മയെയും ചലച്ചിത്രമേഖലയെയും മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന രീതിയില്‍ പെരുമാറുമ്പോള്‍ എന്ത് നടപടിയാണ് സ്വീകരിക്കുക?
  3. അമ്മ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. സിദ്ദിഖിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി അഭിമുഖങ്ങളില്‍ നടത്തിയ പ്രതികരണത്തിന്റെ വെളിച്ചത്തില്‍ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ഉപദ്രവത്തെ തടയുകയും പരിരക്ഷിക്കുകയും ചെയ്യുന്ന പോഷ് ആക്റ്റ് നേതൃത്വം നടപ്പിലാക്കിയിട്ടുണ്ടോ?

സംഘടനയുടെ നേതൃത്വത്തിലുള്ള മോഹന്‍ലാല്‍, മുകേഷ്, ഇന്ദ്രന്‍സ്, ജയസൂര്യ, ഹണിറോസ്, രചന നാരായണന്‍കുട്ടി, ജഗദീഷ്, അജു വര്‍ഗീസ്, ആസിഫ് അലി, ബാബുരാജ്, ശ്വേത മേനോന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ തുടങ്ങിയവര്‍ക്കാണ് രേവതിയും പദ്മപ്രിയയും കത്തെഴുതിയിരിക്കുന്നത്.

A lot has been said and shared in the last couple of days which like many others myself and Revathy Asha Kelunni have…

Posted by Padmapriya Janakiraman on Wednesday, October 14, 2020

Content: Idavela Babu’s derogatory remarks against the rape victim: Revathi and Padmapriya writes an open letter to AMMA