അക്കിത്തം അന്തരിച്ചു; വിടവാങ്ങിയത് മാനവികതയുടെ കാവ്യങ്ങളെഴുതിയ മഹാകവി

single-img
15 October 2020

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മനുഷ്യസ്നേഹത്തിന്റെ ഭാഷയിൽ കവിതകളെഴുതിയ അക്കിത്തം കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഗാന്ധിജി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവർത്തിച്ച അക്കിത്തം യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു.

1926 മാർച്ച് 18-ന് അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താൽപര്യം കാട്ടിയിരുന്നു.

ആദ്യഘട്ടത്തിൽ ഇടതുപ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഇടക്കാലത്ത് ഇഎംഎസിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. ഇഎംഎസിന്റെ ആത്മകഥയിലെ മൂന്നദ്ധ്യായം പകർത്തിയെഴുതിയത് അദ്ദേഹമായിരുന്നു. എന്നാൽ 1984 മുതൽ 1999 വരെ സംഘപരിവാർ ആഭിമുഖ്യമുള്ള തപസ്യ കലസാഹിത്യവേദിയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു.

ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുശോചിച്ചു. 

അദ്ദേഹത്തിന്റെ ഭൌതിക ശരീരം കേരള സാഹിത്യ അക്കാദമിയിൽ രാവിലെ 10.30 തിന് പൊതുദർശനത്തിന് വെക്കും. ശേഷം കുമരനെല്ലൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ. 

Content: Famous Malayalam poet and Jnanpith winner Akkitham Achuthan Namboothiri passes away at 94