17കാരിയെ തട്ടികൊണ്ടുപോയി ഫാമിൽ പൂട്ടിയിട്ട്​ 22 ദിവസം ബലാത്സംഗം ​ചെയ്​തു​

single-img
15 October 2020

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്കിൽ വീട്ടിൽ നിന്നിറങ്ങിയ 17കാരിയായ പെണ്‍കുട്ടിയെ ഫാം ഹൗസിനുള്ളിലെത്തിച്ച് 22 ദിവസം തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്തു. രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ17 വയസ്സുകാരിയെ ഒരാള്‍ സഹായം വാഗ്ദാനം ചെയ്ത്​ അടുത്തുള്ള ഫാമിലെത്തിച്ച് പൂട്ടിയിടുകയായിരുന്നു. പിന്നീട്​ ഇയാളും സുഹൃത്തു ചേർന്ന്​ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന്​ പൊലീസ്​ അറിയിച്ചു. ഫാമിൽ നിയമവവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതിയെ തുടർന്ന്​ റെയ്​ഡിനെത്തിയ പൊലീസ്​ സംഘമാണ്​ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്​.

കഴിഞ്ഞ മാസമാണ് ടിർട്ടോൾ സ്വദേശിയായ പെൺകുട്ടി അച്ഛനുമമ്മയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയത്. വീട്ടിലേക്ക് മടങ്ങാനായി കട്ടക്കില്‍ ഒ.എം.പി സ്ക്വയറിൽ ബസ് കാത്തുനില്‍ക്കുന്നതിനിടയിലാണ് വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ഒരാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റിയതെന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിയോട് പറഞ്ഞു.

വീട്ടിലേക്ക് പോകുന്നതിന് പകരം ഗതിരൗട്ട്പട്ന ഗ്രാമത്തിലുള്ള ഗ്രാമത്തിലെ ഫാം ഹൗസിലേക്ക് തന്നെ കൊണ്ടുപോകുകയും അവിടെ ഒരു മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇയാളും സുഹൃത്തും ചേര്‍ന്ന് തുടര്‍ച്ചയായി 22 ദിവസത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന്​ ജില്ലാ ശിശുക്ഷേമ സമിതിക്ക് നൽകിയ പരാതിയിൽ പെൺകുട്ടി വ്യക്തമാക്കി.

ഫാമിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവെന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഫാം ഹൗസില്‍ നടത്തിയ തെരച്ചിലിനിടെയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ജില്ലാ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി. സംഭവത്തിൽ ഒരാളെ പൊലീസ്​ അറസ്​റ്റു ചെയ്​തു. ഇയാളുടെ സുഹൃത്തിനെ കുറിച്ച്​ സൂചന ലഭിച്ചതായി കട്ടക്ക് ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രതീക് സിങ് അറിയിച്ചു.സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.