മുഖം മിനുക്കാൻ യുപിയിൽ സ്ത്രീസുരക്ഷാ ബോധവത്കരണ ക്യാമ്പയിനുകളുമായി യോഗി സർക്കാർ

single-img
14 October 2020

ഹത്രാസിലെ ദളിത്‌ പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗത്തിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ഏറെ വിമർശനമേറ്റുവാങ്ങിയ പിന്നാലെ യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ മുഖം മിനുക്കാൻ പുതിയ സ്ത്രീസുരക്ഷാ പദ്ധതികളുമായി രംഗത്ത് വന്നു. സംസ്ഥാനത്തെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനായി ‘മിഷൻ ശക്തി’, ‘ഓപറേഷൻ ശക്തി’ എന്നീ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

യോഗി ഈ മാസം 17ന് ഇവ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്താകെ അടുത്ത ആറ് മാസത്തേക്കാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാന ഡിജിപിക്കും അഡി. ചീഫ് സെക്രട്ടറിക്കുമാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. പ്രധാനമായും സ്ത്രീസുരക്ഷാ ബോധവത്കരണ ക്യാമ്പയിനുകളാണ് മിഷൻ ശക്തി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.

പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം, കൂട്ടായ പ്രവർത്തനങ്ങൾ, വോയിസ് മെസേജുകൾ വഴിയുള്ള ബോധവത്കരണം, ഇന്‍റർവ്യൂകൾ തുടങ്ങിയവ സംഘടിപ്പിക്കും. അതേസമയം ക്രിമിനലുകളെ നിരീക്ഷിക്കുകയും ആക്രമണങ്ങൾ തടയുകയുമാണ് ഓപറേഷൻ ശക്തി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കെതിരായ ആക്രമണ കേസുകളിൽ ജയിലിൽ കഴിഞ്ഞ ക്രിമിനലുകളുടെ പട്ടിക തയാറാക്കും.