ജോസ് കെ മാണിയുടെ പാര്‍ട്ടി ആസ്ഥാനത്തെ ബോര്‍ഡ് മാറ്റി: ഇനി പുതിയ താവളം

single-img
14 October 2020

കേരള കോണ്‍ഗ്രസ് എം ജോസ് ഗ്രൂപ്പിൻ്റെ പുതിയ രാഷ്ട്രീയ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ നിമിഷങ്ങൾ മാത്രം. രാവിലെ ജോസ് കെ.മാണിയുടെ പാലായിലെ വസതിയില്‍ നേതൃയോഗം ചേര്‍ന്നിരുന്നു. 11.15 ഓടെ മാധ്യമങ്ങളെ കാണുന്ന ജോസ് കെ.മാണി ഇടതുമുന്നണിയിലേക്കുള്ള ചുവടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതിനിടെ, പാര്‍ട്ടി ആസ്ഥാനത്തെ ബോര്‍ഡ് മാറ്റി. കെ.എം മാണിയുടെ ചിത്രവും രണ്ടില ചിഹ്നവും പതിച്ചിരുന്ന ബോര്‍ഡാണ് നീക്കിയത്. പകരം കെ.എം മാണിയുടെ പുതിയ ചിത്രം മാത്രമുള്ള ബോര്‍ഡ് സ്ഥാപിച്ചു.

രാവിലെ പിതാവ് കെ.എം മാണിയുടെ അനുഗ്രഹം തേടി ജോസ് കെ.മാണി എത്തി. പാലായിലെ ഇടവക പള്ളി സെമിത്തേരിയില്‍ പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച് പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ജോസ് കെ.മാണി നിലപാട് മാറ്റം പ്രഖ്യാപിക്കുന്നത്. തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, ഡോ. എന്‍.ജയരാജ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.