എംഎംഎംഎയിലെ രാജി; പാര്‍വതിക്ക് പിന്തുണയുമായി കനി കുസൃതി

single-img
14 October 2020

ഒരു ചാനല്‍ ചര്‍ച്ചയില്‍ നടി ഭാവനയ്‌ക്കെതിരെ എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് സംഘടനയില്‍ നിന്നും രാജിവെച്ച നടി പാര്‍വതിക്ക് പിന്തുണയുമായി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ കനി കുസൃതി.

‘പാര്‍വതി അത്തരത്തില്‍ ഒരു നിലപാട് എടുത്തതില്‍ ഒരുപാട് സന്തോഷം. പാര്‍വതി എന്ന നടിക്ക് ഒരു വോയ്‌സ് ഉള്ളത് കൊണ്ട് അവര്‍പറയുന്നത് എല്ലാവരും കേള്‍ക്കുന്നു. എനിക്ക് ഉറപ്പാണ് ഞാനും നിങ്ങളുമടങ്ങുന്ന സ്ത്രീകളും പുരുഷന്മാരുമായ ഒരുപാട് പേര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ്.

എഎംഎംഎയിലെ ഭാരവാഹി നടത്തിയ പരാമര്‍ശം വളരെഏറെ വേദനിപ്പിക്കുന്നതാണ്. ഇപ്പോള്‍ ലഭിച്ച ഈ പുരസ്‌കാരത്തിന്റെ സന്തോഷമെല്ലാം മാറിയാലും ആലോചനയില്‍ വരുന്നത് ഇത് തന്നെയാണ്. നാം സത്യത്തില്‍ ഈ യാഥാര്‍ഥ്യത്തിലല്ലേ നമ്മള്‍ ജീവിക്കുന്നത് എന്നും കനി ചോദിക്കുന്നു.

തീര്‍ച്ചയായും താന്‍ അക്രമിക്കപ്പെട്ട നടിയോടും പാര്‍വതിയോടും ഒപ്പമാണ്. ആ കാര്യത്തില്‍ സംശയമില്ല. ഈ രീതിയില്‍ നിലപാട് പറഞ്ഞാല്‍ നഷ്ടപ്പെടുന്ന അവസരങ്ങള്‍ പോകട്ടെയെന്നും അത്തരത്തിലുള്ള കരിയര്‍ വേണ്ടെന്നും കനി കുസൃതി പറയുന്നു.