സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധം; കോടതിയില്‍ എന്‍ഐഎ

single-img
14 October 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കൊച്ചിയിലെ എൻഐഎ കോടതിയിൽ അറിയിച്ചു.

ഇന്ന് നടന്ന സ്വപ്‌ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്. വാദത്തിനിടെ എൻഐഎ അഭിഭാഷകനോട് കോടതി പ്രതികള്‍ക്ക് യുഎപിഎ ചുമത്തിയത് എന്തിനാണെന്ന ചോദ്യം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതികളുടെ ദാവൂദ് ബന്ധത്തെ കുറിച്ച് അഭിഭാഷകൻ പറഞ്ഞത്.

കേസിലെ പ്രതികളായ റമീസ്, ഷറഫുദീൻ എന്നിവർ താൻസാനിയയിൽ നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചു. അതിനാല്‍ പ്രതികളുടെ താൻസാനിയൻ ബന്ധം അന്വേഷിക്കണം. മാത്രമല്ല, ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷിക്കണമെന്നും എൻഐഎ അഭിഭാഷകന്‍ പറഞ്ഞു.
പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഫിറോസ് ഒയാസിസ് എന്ന് പേരുള്ള ഒരു ദക്ഷിണേന്ത്യക്കാരൻ ഉണ്ട്. ഇയാൾ നിലവില്‍ താൻസാനിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ഒരുമിച്ച് ചേർന്നത് ഒരാളുടെ കമാൻഡിനെ തുടർന്നാണ്. മാത്രമല്ല, പ്രതികൾ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്നും എൻഐഎ കോടതിയോട് പറഞ്ഞു.