യുഡിഎഫിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന തീരുമാനം: ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് സിപിഎം

single-img
14 October 2020

എൽഡിഎഫിൽ ചേരാനുള്ള ജോസ് കെ മാണി (Jose K Mani)യുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം. ഐക്യജനാധിപത്യമുന്നണിയുടെ (UDF) രൂപീകരണത്തിന് നേതൃത്വം കൊടുത്ത പാർട്ടിയാണ് 38 വർഷത്തിന് ശേഷം ആ മുന്നണിയിൽ നിന്നും വിട്ടു പോരുന്നതെന്നും യുഡിഎഫിൻ്റെ തകർച്ചയ്ക്ക് ആക്കം കൂട്ടൂന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റത്തിന് സഹായിക്കുമെന്നും സിപിഎം (CPI(M) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തു വിടുന്ന പ്രസ്താവന : 

എല്‍.ഡി.എഫുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ്സ്‌-എംന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. യു.ഡി.എഫിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കും. 

യു.ഡി.എഫ്‌ രൂപികരണത്തിന്‌ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ്‌ 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്‌. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫില്‍ നിന്നും പുറത്തു വന്ന എല്‍.ജെ.ഡി, എല്‍.ഡി.എഫിന്റെ ഭാഗമായി. കോണ്‍ഗ്രസ്സും ലീഗും മാത്രമുള്ള സംവിധാനമായി ഫലത്തില്‍ ആ മുന്നണി മാറി. 

ഉപാധികളൊന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്‌ ഇടതു മുന്നണിയുമായി സഹകരിക്കുകയെന്ന ജോസ്‌ കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണ്‌. മതനിരപേക്ഷത, കര്‍ഷക പ്രശനങ്ങള്‍, വികസനം എന്നീ കാര്യങ്ങളില്‍ എല്‍.ഡി.എഫിന്റേയും സര്‍ക്കാരിന്റേയും നയങ്ങളെ പിന്തുണച്ചുവെന്നതും ശ്രദ്ധേയം. 

നാടിന്റെ പൊതുവികാരം തന്നെയാണ്‌ അതില്‍ പ്രതിഫലിക്കുന്നത്‌. ഇത്‌ എല്‍ ഡി എഫ്‌ സ്വീകരിക്കുന്ന ശരിയായ സമീപനത്തിനുള്ള അംഗീകാരം കൂടിയാണ്‌. രാഷ്ട്രീയ നിലപാട്‌ ജോസ്‌.കെ.മാണി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍.ഡി.എഫ്‌ ചര്‍ച്ച ചെയ്‌ത്‌ ഇക്കാര്യത്തില്‍ ക്രിയാത്മക നിലപാട്‌ സ്വീകരിക്കും.

Content: “A decision which can accelerate the desolation of UDF”: CPI(M) state secretariat welcomes Jose K Mani to LDF