കോവിഡ് പശ്ചാത്തലത്തിൽ ബിഹാർ തെരഞ്ഞെടുപ്പിന് നാലുലക്ഷം സ്മാർട് ഫോണുകൾ രംഗത്തിറക്കി ബിജെപി

single-img
14 October 2020

കോവിഡ് വ്യാപനം ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന അവസരത്തിൽ ആധുനിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ ബിജെപി തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നേരിട്ട് ജനങ്ങളിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും സാമൂഹ്യ മാധ്യമങ്ങളുമാണ് ബിജെപി ആയുധങ്ങളാക്കുന്നത്. ബീഹാറിലെ നാലു ലക്ഷം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളാണ് ബിജെപിക്കുൃ വേണ്ടി രംഗത്തിറങ്ങുന്നതെന്നാണ് സൂചനകൾ. 

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിര്‍ച്വല്‍ റാലിയ്ക്ക് നാലുലക്ഷം സ്മാർട് ഫോണുകൾ അണിനിരക്കും. അവർക്കു പുറമേ, 10,000 സാമൂഹ്യ മാധ്യമ കമാൻ്റോകളും പ്രധാനമന്ത്രിയുടെ സന്ദേശങ്ങള്‍ നേരിട്ട് എത്തിക്കും. മോദിയുടെ പ്രസംഗങ്ങളും പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രത്തിൻ്റെ പദ്ധതികളും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ബിഹാറിൽ ഓരോ പ്രദേശത്തും എത്തിക്കുവാനുള്ള ചുമതലകളും കമാൻഡോകൾക്കുണ്ട്. കമാൻ്റോകളെ നിയന്ത്രിക്കാന്‍ പ്രത്യേക സൈബര്‍ പോരാളികളേയും രംഗത്തിറക്കിയിട്ടുണ്ട്. 

പ്രധാനമന്ത്രിതന്നെ പ്രചരണം നടത്തുന്ന പ്രതീതി ഉണ്ടാക്കിയെടുക്കാൻ ഇതിനു കഴിയുമെനന്നാണ് വിലയിരുത്തൽ. ഇന്തോ ചൈനാ അതിര്‍ത്തി പ്രശ്‌നങ്ങള്‍, സാമ്പത്തീക പ്രതിസന്ധി തുടങ്ങി പല കാര്യങ്ങളിലും ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ സംബന്ധിച്ച കൃത്യമായ വിലയിരുത്തലുകളും അതിന് പ്രധാനമന്ത്രിയുടെ മറുപടിയും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുമെല്ലാം നേരിട്ട് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 

സാധാരണക്കാരൻ്റെ പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന വിധത്തില്‍ സംസാരിക്കാന്‍ ഏറ്റവും വിശ്വസ്തന്‍ പ്രധാനമന്ത്രി തന്നെയാണെന്നാണ് ബിജെപി കരുതുന്നത്.