പോയത് വിജയ് പി നായർ ക്ഷണിച്ചിട്ട്: മുൻകൂർ ജാമ്യ ഹർജിയിൽ ഭാഗ്യലക്ഷ്മി

single-img
13 October 2020

യൂട്യൂബിൽ അശ്ലീല  പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ പോസ്റ്റു ചെയ്ത വിജയ് പി നായരെ മര്‍ദിച്ചെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി നായര്‍ ക്ഷണിച്ചിട്ടാണ് പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. 

തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

എന്നാല്‍ ഇവര്‍ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉടന്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നു മറ്റ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. അശ്ലീല വീഡിയോ പ്രചരിപിച്ച കേസില്‍ വിജയ് പി നായരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.