മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മുറുകുന്നു; ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് ശരദ് പവാര്‍

single-img
13 October 2020

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി കത്തയച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തി . മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉപയോഗിച്ച ഭാഷയില്‍ താന്‍ ഞെട്ടിയെന്ന് പവാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചത്. രാജ്യത്തെ മറ്റുള്ള നഗരങ്ങളില്‍ ജൂണില്‍ തന്നെ ആരാധനാലയങ്ങള്‍ തുറന്നുവെന്നും അവിടെയൊന്നും കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ബാറുകളും റസ്റ്റൊറന്റുകളും ബീച്ചുകളും തുറന്നെങ്കിലും നമ്മുടെ ദൈവങ്ങളെ മാത്രം ലോക് ഡൗണില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും ഗവര്‍ണര്‍ കത്തിലൂടെ കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ തനിക്ക് ആരില്‍ നിന്നും ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എന്നായിരുന്നു ഉദ്ധവ് ഗവര്‍ണര്‍ക്ക്‌ നല്‍കിയ മറുപടി.