സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മാധ്യമങ്ങളോട് പ്രതികരിക്കാതെ നിവിന്‍ പോളി

single-img
13 October 2020

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തില്‍ മൂത്തോനിലെ പ്രകടനത്തിന് പ്രത്യേക പരാമർശത്തിന് അർഹനായ നടൻ നിവിൻ പോളി ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയില്ല. പുരസ്ക്കാര പ്രഖ്യാപനത്തിന് അര മണിക്കൂർ മുമ്പ് തന്നെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നിലുള്ള നിവിന്റെ അപ്പാർട്ട്മെന്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചെന്നിരുന്നു. ഈ സമയം സുരക്ഷാ ജീവനക്കാർ മാധ്യമപ്രവർത്തകരെ ഇവിടേക്ക് കടത്തിവിടുകയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഇടം നൽകുകയും ചെയ്തിരുന്നതാണ്.

പക്ഷെ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അപ്പാർട്ട്മെന്റ് കോമ്പൗണ്ടിൽ നിന്നും മാധ്യമപ്രവർത്തകർ മടങ്ങിപ്പോകണമെന്ന് നിർദ്ദേശം വരികയായിരുന്നു. റോഡില്‍ ഉണ്ടാകാന്‍ ഇടയുള്ള ഗതാഗത തടസം മൂലമാകാമിതെന്ന് കരുതിയെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ മടങ്ങിപോകാന്‍ സുരക്ഷാ ജീവനക്കാർ കർശന നിർദ്ദേശം നൽകുകയായിരുന്നു. തുടര്‍ന്ന്നിവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം നിവിൻ പോളി പ്രതീക്ഷിച്ചിരുന്നതായാണ് സൂചന.