തൻ്റെ ക്ലാസുകൂടി ഹെെടെക് ആക്കിത്തരുമോ മുഖ്യമന്ത്രി അപ്പൂപ്പാ എന്നു ശങ്കരൻ: ക്ലാസ് മുറി മാത്രം മതിയോ, സ്കൂൾ മുഴുവനുമാക്കിയാലോ എന്നു തിരിച്ചു ചോദിച്ച് മുഖ്യമന്ത്രി

single-img
13 October 2020

തിരുവനന്തപുരം വഴുതക്കാട്‌ ശിശുവിഹാർ യുപി സ്കൂളിലെ നാലാം ക്ലാസ്‌ വിദ്യാർഥിയായ നിധിൻ എന്ന ശങ്കരൻ ആഗ്രഹിച്ചതിനേക്കാൾ പലമടങ്ങ് സൗകര്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ സ്കൂളിലെ ഒരു ക്ലാസ്‌ കൂടി ഹൈടെക്‌ ആക്കി നൽകുമോയെന്നായിരുന്നു നിധിൻ മുഖ്യമന്ത്രിയോടു ചോദിച്ചത്. ഒരു ക്ലാസ്‌ മുറി ഹൈടെക്‌ ആക്കുകയല്ല മറിച്ച്‌ വിദ്യാലയത്തെ പൂർണമായി ഹൈടെക്‌ ആക്കുകയാണ്‌ സർക്കാരിൻ്റെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.  

ഹൈടെക്‌ ആക്കുകമാത്രമല്ല മുഴുവൻ സ്കൂളുകളെയും അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കുകയാണ്‌ സർക്കാരിന്റെ ഉദ്ദേശ്യമെന്നും വിദ്യാലയങ്ങളിൽ ഐടി പഠനത്തിന്‌ പ്രത്യേക പരിഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെറും വിദ്യാഭ്യാസംമാത്രമല്ല, തൊഴിൽ സാധ്യതയുള്ള പഠന രീതിയാണ്‌ ആവശ്യം. കാലാനുസൃതമായ ഇത്തരം മാറ്റങ്ങൾ ഉടൻ ഉണ്ടാകും. കുട്ടികൾക്കായി സ്കൂളുകളിൽ ഇ–- റീഡർ സംവിധാനവും കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിധിനോടു പറഞ്ഞു. 

വിദേശങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന പ്രവാസികളുടെ മക്കൾക്ക്‌ നാട്ടിലെ സ്കൂളുകളിലെ വിദ്യാർഥികളുമായും അധ്യാപകരുമായും ചെലവഴിക്കാൻ അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഗീതം, കല, സ്‌പോർട്സ്‌ എന്നീ മേഖലകളിൽ കൂടുതൽ അവസരം ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

“പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ ഫെയ്‌സ്‌ബുക്‌ ലൈവിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പെട്ടവരുടെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും ഉൾപ്പെടെയുള്ളവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.